കൊൽക്കത്ത: പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മികൾ പതിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ലാൻഡിംഗ് വൈകി. മലേഷ്യൻ എയർലൈൻ വിമാനത്തിലെ പൈലറ്റിന്റെ കണ്ണിലാണ് ലേസർ പതിച്ചത്. മലേഷ്യയിലെ ക്വലാലംപൂരിൽ നിന്ന് 159 യാത്രക്കാരുമായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തുടങ്ങുമ്പോഴാണ് സംഭവം.
ഇന്നലെ രാത്രി 11.20-നായിരുന്നു എംഎച്ച്-184 വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ റൺവേയിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെവച്ച് മാദ്ധ്യംഗ്രാം-ബരാസത് ഭാഗത്തുനിന്നുള്ള ലേസർ രശ്മി പൈലറ്റിന്റെ കണ്ണിൽ പതിച്ചു. തുടർന്ന് പൈലറ്റിന്റെ കാഴ്ച തടസപ്പെടുകയും കൃത്യ സമയത്ത് ലാൻഡ് ചെയ്യാൻ സാധിക്കാതെവരികയും ചെയ്തു.
പിന്നീട് ആകാശത്ത് കുറച്ചുസമയം വട്ടമിട്ടുപറന്ന ശേഷമാണ് വിമാനം വീണ്ടും ലാൻഡിംഗിനായി ശ്രമിച്ചത്. തുടർന്ന് രാത്രി 11.25 ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ എയർലൈൻ അധികൃതർ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സർവീസുകളെ ബാധിക്കുന്നുണ്ടെന്നും കൊൽക്കത്ത വിമാനത്താവളം ഡയറക്ടർ വിക്രം സിംഗ് വ്യക്തമാക്കി. ഇതാദ്യമായല്ല, ഇതിന് മുൻപും ലാൻഡിംഗിന്റെയും ടേക്ക് ഓഫിന്റെയും സമയത്ത് ലേസർ രശ്മികൾ കാഴ്ചയെ ബാധിക്കുന്നതായി പൈലറ്റുമാർ പരാതിനൽകിയിട്ടുണ്ട്. സംഭവത്തിൽ എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A Malaysia Airlines flight (MH-184) carrying 159 passengers from Kuala Lumpur experienced a delayed landing at Kolkata's Netaji Subhas Chandra Bose International Airport. A laser beam from the Madhyamgram-Barasat area struck the pilot's eyes, obstructing vision near the runway. The aircraft safely landed five minutes later. Airport police have initiated an investigation into the incident, which saw authorities file a complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |