SignIn
Kerala Kaumudi Online
Sunday, 09 August 2026 4.25 AM IST

രാജ്യത്ത് തൊഴിലവസരങ്ങളുടെ വാതിലടഞ്ഞു: രാഹുൽ ഗാന്ധി

d

പ്രയാഗ് രാജ്: ഇന്ത്യയിൽ തൊഴിലവസരങ്ങളുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഈ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. പ്രയാഗ് രാജിലെ കെ.പി ഗ്രൗണ്ടിൽ നടന്ന 'ഛാത്രോം കി ഗൂഞ്ച്' വിദ്യാർത്ഥി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ . രാജ്യത്ത് 40 കോടി യുവജനങ്ങളുണ്ട്. ഇന്ത്യയുടെ ഭാവി ഈ യുവശക്തിയുമായി ബന്ധപ്പെട്ടതാണ്.. ലോകം അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ഇന്ത്യയുടെ യുവജനങ്ങളുടെ കഴിവും സാധ്യതകളും അതുല്യമാണ്. അതിനോട് കിട പിടിക്കാൻ ഈ രാജ്യങ്ങൾക്കാവില്ല.

യുവാക്കളുടെ കഴിവുകൾക്ക് ശരിയായ അവസരങ്ങൾ ലഭിച്ചാൽ ഇന്ത്യയ്ക്ക് ലോകത്തെ നയിക്കാനുള്ള ശേഷിയുണ്ടാവും. 'യുവാക്കളുടെ കഴിവും രാജ്യത്തെ തൊഴിൽ വിപണിയിലെ യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്.. വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയതു കൊണ്ട് മാത്രം കാര്യമില്ല; അതിനനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ ലഭിക്കണം.

യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനാവശ്യമായ അവസരങ്ങൾ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയ്‌ക്കൊപ്പം സർക്കാർ റിക്രൂട്ട്‌മെന്റിലെ കാലതാമസം, മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷകൾ റദ്ദാക്കപ്പെടുന്ന സാഹചര്യം തുടങ്ങിയ പ്രശ്നങ്ങളും യുവാക്കളെ അനിശ്ചിതത്വത്തിലാക്കുന്നു.യുവാക്കളുടെ പ്രശ്നങ്ങളെ തൊഴിൽ, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ഭരണസംവിധാനം എന്നിവയുമായി ബന്ധപ്പെടുത്തി കാണണമെന്നും രാഹുൽ പറഞ്ഞു.

സംവാദത്തിൽ ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ തീയതികളിലെ അനിശ്ചിതത്വം, ഫലം വൈകുന്നത്, നിയമന നടപടികളിലെ കാലതാമസം, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, മത്സരപ്പരീക്ഷകളിലെ ബുദ്ധിമുട്ടുകൾ എന്നിവ വിദ്യാർത്ഥികൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. മഴയും വെള്ളക്കെട്ടുമുണ്ടായിരുന്നിട്ടും വലിയ തോതിൽ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പങ്കാളിത്തമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360