ചെന്നൈ: ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി രാധ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി നടി അംബികയും സഹോദരനും രംഗത്ത്. ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്‌തുതാവിരുദ്ധമാണെന്നും എല്ലാ കാര്യങ്ങളും സൂക്ഷ്‌മതയോടെ ചെയ്യുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി കളഞ്ഞുവെന്ന് പറയുന്നത് വിശ്വിസിക്കാൻ സാധിക്കുന്നില്ലെന്നും അംബികയും സഹോദരനും പറഞ്ഞു. എആർഎസ് ഗാർഡനിൽനിന്ന് തന്റെ പേരിന്റെ അക്ഷരം മാറ്റിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംബിക പറഞ്ഞു.
'ഹാൻഡ് ബാഗിന് പോലും ലോക്ക് ഉപയോഗിക്കുന്നയാളാണ് എന്റെ സഹോദരി. ഉറങ്ങുമ്പോഴാണെങ്കിൽ ഹാൻഡ് ബാഗ് കബോർഡിനുള്ളിൽവച്ച് നമ്പർ ലോക്ക് ചെയ്‌താണ് സൂക്ഷിക്കുന്നത്. അങ്ങനെയൊരാൾ ഒപ്പിട്ട ചെക്ക് എന്റെ വീട്ടിൽ മറന്നുവച്ചെന്ന് പറയുന്ന കാര്യം വിശ്വസിക്കാനാകുന്നില്ല'- അംബിക പറഞ്ഞു. സ്വത്തുക്കളുമായി ബന്ധപ്പെട്ട് തങ്ങൾക്കിടെയിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായും അംബിക തുറന്നുപറഞ്ഞു. തന്റെ പേരിലുള്ള സ്വർണം കൈക്കാലാക്കി വച്ചിരിക്കുകയാണെന്നും അതേക്കുറിച്ച് ചോദിക്കുമ്പോൾ സഹോദരിയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും അംബിക ആരോപിച്ചു.
'എനിക്ക് അവകാശപ്പെട്ട സ്വർണത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിന് മറുപടിയില്ല. എന്റെ സഹോദരിക്ക് സ്വർണത്തോട് വല്ലാത്ത ഇഷ്‌ടമാണ്. ചേച്ചിമാരുടെയോ അമ്മയുടെ സ്വർണം എടുക്കുന്നത് പോട്ടെയെന്ന് വയ്‌ക്കാം. എന്നാലും സ്വർണം എന്റെ സഹോദരിക്കൊരു ബലഹീനതയാണ്. എനിക്ക് അവകാശപ്പെട്ട ധാരാളം സ്വർണം അവളുടെ കൈവശമുണ്ട്. അതേപ്പറ്റി ചേദിക്കുമ്പോൾ മറുപടിയില്ല. സംസാരിക്കാമെന്ന് കരുതിയാൽ ഫോൺ എടുക്കില്ല.
അമ്മ മരിക്കുന്നതിന് മുൻപുതന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പാക്കിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷമായാലും എല്ലാ വിഷയങ്ങളും സംസാരിച്ച് തീരുമാനം എടുത്തിരുന്നു. എന്നാൽ, നമ്മളോട് സംസാരിക്കുമ്പോൾ ഒരുരീതിയിലും വീട്ടിൽചെന്ന ശേഷം മറ്റൊരു രീതിയിലുമാണ് സഹോദരി സംസാരിക്കുന്നത്'- അംബിക പറഞ്ഞു.
ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകൾ അനുമതി ഇല്ലാതെ കൈക്കലാക്കി 46 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് അംബികയ്‌ക്കും സഹോദരനുമെതിരെ രാധ നൽകിയ പരാതി.
തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി 'എആർഎസ് ഗാർഡൻസ് സ്റ്റുഡിയോ' എന്ന പേരിൽ ഉപയോഗിച്ചിരുന്ന ഐഡിബിഐ ബാങ്കിലെ കറന്റ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് രാധ പറയുന്നത്. യാത്രയിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതി, ഗാർഡൻ പരിപാലനം തുടങ്ങിയ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കി.
2025 ജനുവരിയിൽ ബിസിനസിന്റെ പേര് 'RR ഗാർഡൻസ്' എന്നാക്കി മാറ്റിയതിനെ തുടർന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തി. പിന്നീട് പഴയ ചെക്ക് ബുക്കിന്റെ കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. പഴയ ചെക്കുകളിൽ അഞ്ചെണ്ണം അംബികയുടെ പേരിൽ പണമാക്കുന്നതിനായി ഹാജരാക്കിയെന്ന് അറിയിച്ചുകൊണ്ട് സെപ്തംബർ 17ന് ബാങ്കിൽ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും രാധ പരാതിയിൽ പറയുന്നു.
Actress Ambika has denied her sister Radha’s allegations related to a cheque fraud and said the claims are factually incorrect. She also raised concerns over gold and property-related disputes between the siblings, alleging that gold belonging to her remains in her sister’s possession.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |