SignIn
Kerala Kaumudi Online
Thursday, 24 September 2026 1.21 AM IST

ആറുമാസത്തിനുള്ളിൽ നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും; ഭീഷണിയുള്ള രാജ്യങ്ങളിൽ മുന്നിൽ ഇന്ത്യ

el-nino-effect
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അടുത്ത ആറ് മാസത്തിനുള്ളിൽ എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി നാലര ലക്ഷം ആളുകൾ മരണപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 2026 സെപ്തംബ‌റിനും 2027 ഫെബ്രുവരിക്കുമിടയിലെ കാലഘട്ടത്തിൽ ലോകം വലിയ ദുരന്തം നേരിടുമെന്നാണ് മുന്നറിയിപ്പ്. ആഗോള ദക്ഷിണമേഖലയിലായിരിക്കും കൂടുതൽ ആഘാതമുണ്ടാവുകയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 1996 മുതൽ 2025ലെ കണക്കുകൾ പ്രകാരം സാധാരണയായി ഒരു വർഷത്തിൽ ചൂട് മൂലം മരണപ്പെടുന്ന ആളുകളുടെ ഏകദേശ കണക്കിനും അപ്പുറത്തുള്ള സഖ്യയാണിത്. വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ മൂലമുള്ള മരണങ്ങൾക്കും എൽ നിനോ കാരണാകുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് എൽ നിനോ?

ഭൂമദ്ധ്യരേഖയ്‌ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. രണ്ടുമുതൽ ഏഴുവർഷങ്ങളുടെ വ്യത്യാസത്തിൽ എൽ നിനോ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. എൽനിനോ അനുഭവപ്പെടുന്ന കാലത്ത് ഇന്ത്യയിൽ മൺസൂൺ മഴ കുറയുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. 1980 മുതൽ 14 തവണയാണ് എൽനിനോ സംഭവിച്ചിട്ടുള്ളത്. ഇതിൽ ഒമ്പത് തവണയും മൺസൂൺ മഴ സാധാരണയിലും കുറവാണ് ലഭിച്ചത്. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ ശക്തി കുറയുന്നതിന് ഇടയാക്കും. അതേസമയം, 1997ൽ എൽനിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു.

എൽ നിനോ കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളും പ്രതീക്ഷിക്കുന്ന മരണനിരക്കും

  1. നൈജീരിയ - 31,320
  2. ഇൻഡോനേഷ്യ - 19,251
  3. സുഡാൻ - 17,430
  4. ഇന്ത്യ - 15,670
  5. ബ്രസീൽ - 13,271
  6. കോംഗോ - 10,014
  7. നൈഗ‌ർ - 9,900
  8. ചാഡ് - 7,953
  9. ഫിലിപ്പീൻസ് - 6,504
  10. വിയറ്റ്നാം - 5,566

ഗോഡ്‌സില്ല ലെവൽ

നിലവിൽ എൽ നിനോ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയും മറികടന്നിരിക്കുകയാണ്. മുൻകാലങ്ങളിലെ സമാന പ്രതിഭാസങ്ങളെ അപേക്ഷിച്ച് എൽ നിനോയുടെ താപവർദ്ധനവ് വലുതായതിനാൽ ശാസ്ത്രജ്ഞർ ഇതിനെ 'ഗോഡ്‌സില്ല ലെവൽ' എന്നാണ് വിശേഷിപ്പിക്കുന്നത്. എൽ നിനോ പ്രകൃതിദത്തമായ കാലാവസ്ഥാ പ്രതിഭാസമാണെങ്കിലും ആഗോളതാപനം മൂലം ഇതിന്റെ തീവ്രത വർദ്ധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2027 ഫെബ്രുവരി വരെയുള്ള കാലയളവിലെ മരണനിരക്കാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടതെങ്കിലും എൽ നിനോയുടെ സ്വാധീനം മൂലമുണ്ടാകുന്ന മരണങ്ങൾ 2027 ജൂലായ് വരെ നീളാമെന്നും വിവരമുണ്ട്.

എൽ നിനോ മൂലമുണ്ടാകുന്ന മറ്റ് പ്രത്യാഘാതങ്ങൾ

ഭക്ഷണ വിതരണത്തെയും എൽ നിനോ സാരമായി ബാധിക്കാനിടയുണ്ട്. ലോകത്താകമാനമുള്ള 50 ദശലക്ഷം ആളുകളെ ഇത് കടുത്ത പട്ടിണിയിലേയ്ക്ക് തള്ളിവിടുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. 1877-1878 കാലഘട്ടത്തിലുണ്ടായ അതിശക്തമായ എൽ നിനോ പ്രതിഭാസം മൂലമുണ്ടായ വരൾച്ചയിലും ക്ഷാമത്തിലും അഞ്ചുകോടിയിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്ത്യ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്.

ലോകത്ത് ഇതുവരെ കാണാത്ത ദുരന്തമായിരിക്കും എൽ നിനോ പ്രതിഭാസം മൂലമുണ്ടാവുകയെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, വെള്ളത്തിന്റെ ലഭ്യത എന്നിവയെ സാരമായി ബാധിക്കും. ജൈവ ഇന്ധനം (ഫോസിൽ ഫ്യുയൽ) കത്തിക്കുന്നത് തുടർന്നാൽ സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌കരമാകുമെന്നും മുന്നയിപ്പുണ്ട്.

എൽ നിനോയുടെ ലക്ഷണങ്ങൾ

എൽ നിനോയുടെ ആഘാതം മൂലമുള്ള ലക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ട് തുടങ്ങിയിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസമായിരുന്നു 2026 ഓഗസ്റ്റ്. 16.96 ഡിഗ്രി സെൽഷ്യസ് എന്ന ആഗോള ശരാശരി ഉപരിതല - വായു താപനിലയാണ് ഈ ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. എക്കാലത്തെയും ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തപ്പെട്ട 2023 ജൂലായ്‌ക്ക് തുല്യമായ നിലയിലായിരുന്നു ഇത്. ദീർഘകാല ആഗോളതാപനത്തെയും അതിവേഗം രൂപപ്പെടുന്ന എൽ നിനോ സാഹചര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇന്ത്യ അടുത്ത വേനൽക്കാലത്തേക്ക് ചുവട് വയ്ക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുകൾ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

English Summary

Climate experts warn the El Niño phenomenon could result in 450,000 deaths globally between September 2026 and February 2027, primarily impacting the Global South. This exceptionally severe event, dubbed 'Godzilla level,' is expected to intensify droughts, floods, and wildfires, leading to significant humanitarian crises, including widespread hunger for millions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EL NINO, EL NINO DEATHS, EL NINO WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360