SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

അമ്പോ സാംബ, കട്ടയ്‌ക്ക് ഇന്ത്യ

e

കൊച്ചി: അറബിക്കടലിന്റെ മടിത്തട്ടിൽ മലയാളികളെ ആവേശത്തിൽ ആറാടിച്ച് കാൽപ്പന്തിലെ ഇതിഹാസങ്ങളുടെ കളിയാട്ടം. ബ്രസീലിയൻ ലെജൻഡുകളും ഇന്ത്യ ഓൾ സ്റ്റാർ ടീമും ഏറ്റുമുട്ടിയ റിട്ടേൺ ഒഫ് ടൈറ്റൻസ് കേരളത്തിന് അപൂർവ ഫുട്ബാൾ വസന്തമായി. ഫെർണാണ്ടീഞ്ഞോയുടെ ഹാട്രിക് കരുത്തിൽ ബ്രസീലിയൻ ടീം 4-3ന് ജയം നേടി. ബ്രസീലിനായി റൊണാൾഡീഞ്ഞോയുടെ മാന്ത്രികകാലിൽനിന്നും ഗോൾ പിറന്നപ്പോൾ ഗാലറി ആഹ്ലാദത്തിൽ പൊട്ടിത്തെറിച്ചു. ഇന്ത്യയ്ക്കായി മലയാളി താരം സി.കെ. വിനീത് രണ്ടും അശ്വിൻ ബിശ്വാസ് ഒരു ഗോളും നേടി.

പ്രായം ഒരു പന്തുപോലെ മുന്നോട്ട് ഉരുണ്ടെന്നേയുള്ളൂ, പക്ഷേ വീര്യം ഒട്ടുചോർന്നിട്ടില്ലെന്ന് ആദ്യ പകുതിയുടെ തുടക്കത്തിൽത്തന്നെ ഇതിഹാസ താരങ്ങൾ കാട്ടിത്തന്നു. കാനറികളുടെ കാലിൽത്തന്നെയായിരുന്നു തുടക്കം മുതൽ പന്ത്. കുറിയ പാസുകളുമായി പതിയെ കളംനിറഞ്ഞ അവർ അവസരങ്ങൾ നെയ്‌തെടുത്തു. ഇതിനിടെ വീണുകിട്ടിയ അവസരം ഇന്ത്യൻ സ്റ്റാർസ് മുതലെടുത്തു. മദ്ധ്യഭാഗത്തുനിന്ന് ഉയർത്തി നൽകിയ പന്ത് ഏറ്റുവാങ്ങിയ സി.കെ. വിനീതിന്റെ സോളോ റൺ. പ്രതിരോധനിരയിൽ ആരുമില്ലാത്ത അവസരം. ബ്രസീൽ ലെജൻഡ്‌സ് ഗോളിക്ക് മുന്നേറ്റം തടയാനായില്ല. വിനീതിന്റെ തകർപ്പൻ ഷോട്ട് വലയിലേക്ക്. സ്റ്റേഡിയം ഇളകിമറഞ്ഞു.

തിരിച്ചടിക്കാൻ ഒരുങ്ങിയിറങ്ങിയ കാനറികൾ കളം വീണ്ടും തിരിച്ചു പിടിച്ചു. ബോക്‌സിന് തൊട്ടടുത്ത് ബ്രസീൽ താരത്തെ വീഴ്ത്തിയതിന് കാനറികൾക്ക് അനുകൂലമായ ഫ്രീക്കിക്ക്. കിക്കെടുത്ത സാക്ഷാൽ റൊണാൾഡീഞ്ഞോയ്ക്ക് പിഴച്ചു; പന്ത് പുറത്തേക്ക്. പക്ഷേ ആ സങ്കടം സെക്കൻഡുകൾക്കകം താരം മായ്ച്ചു. ഓൾ സ്റ്റാർ ഇന്ത്യൻസിന്റെ പ്രതിരോധത്തെ മറികടന്ന് പന്തുമായി കുതിച്ച മുന്നേറ്രതാരത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം വീണ്ടും ഫൗളിൽ കലാശിച്ചു. ബ്രസീലിന് അനുകൂലമായി പെനാൽറ്റി. റൊണാൾഡീഞ്ഞോയുടെ വലംകാൽ മാന്ത്രികത കൊച്ചി കണ്ടു. പിന്നീട് കലൂർ സ്റ്റേഡിയം സാക്ഷിയായത് പ്രതാപത്തിലേക്ക് മടങ്ങിയെത്തിയ ഫെർണാണ്ടീഞ്ഞോയുടെ കുതിപ്പിനാണ്.

21,​ 28-ാം മിനിറ്റുകളിലും എണ്ണംപറഞ്ഞ രണ്ട് ഗോൾ. 30 മിനിറ്റ് നീണ്ട ആദ്യ പകുതിയിൽ 1-3ന് ബ്രസീൽ മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കവും ഫെർണാണ്ടീഞ്ഞോയിലൂടെ ബ്രസീൽ ലെജൻഡ്‌സ് ലീഡ് ഉയർത്തി. ജിയോവാനിയും വിയോളയും റിവാൾഡോയും ഇന്ത്യൻ താരങ്ങളെ വെള്ളംകുടിപ്പിച്ചു. പക്ഷേ ഐ.എം. വിജയനും ജോപ്പോൾ അഞ്ചേരിയും ബൂട്ടിയയും തോൽവി സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെപന്ത് റാഞ്ചിയെടുത്ത മെഹ്‌താബിന്റെ മുന്നേറ്റം കാനറികൾ തട്ടിയകറ്റി. പക്ഷേ അപകടം ഒഴിഞ്ഞില്ല.മെഹ്‌താബിന്റെ കോ‌ർണ‌ർ കിക്കിൽ വിനീതിന്റെ ഫസ്റ്റ് ടച്ച്.പന്ത് ലക്ഷ്യത്തിൽ. മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഓൾ സ്റ്റാർ അശ്വിൻ ബിശ്വാസിലൂടെ ഗോളെണ്ണം മൂന്നാക്കി. അപ്പോഴേക്കും ഫൈനൽ വിസിൽ മുഴങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360