
നഗോയ : ഭാരോദ്വഹനത്തിൽ വീണ്ടും രാജ്യത്തിന്റെ അഭിമാനമുയർത്തി മീരാബായ് ചാനു മിന്നിത്തിളങ്ങിയ നഗോയ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയത് 5 മെഡലുകൾ.
28 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച് വെള്ളിത്തിളക്കത്തിൽ മിന്നിത്തിളങ്ങിയ മീര തന്നെയായിരുന്നു ഇന്നലെ ഇന്ത്യയുടെ ഹൈലൈറ്റ്. എച്ച്. എസ് പ്രണോയ്യും അർജുനും ഉൾപ്പെട്ട പുരുഷ ബാഡ്മിന്റൺ ടീമിന്റെ വെങ്കല നേട്ടം കേരളത്തിന് ആവേശമായി.
കോമൺ വെൽത്ത് ഗെയിംസിലെ ഹാട്രിക് സ്വർണ നേട്ടത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിക്കെവുമായി മിന്നിത്തിളങ്ങുകയാണ് മീരാ ബായി. നഗോയയിൽ ഇന്നലെ വെയ്റ്റ്ലിഫ്ടിംഗ് വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ആകെ 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് മീര വെള്ളിയണിഞ്ഞത്. സ്നാച്ചിൽ 87 ഉം ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയാണ് ചാനു വെള്ളി സ്വന്തമാക്കിയത്. എറെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണ് ചാനു ഇന്നലെ കഴുത്തിലണിഞ്ഞത്. ഇതോടെ ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും കോമൺവെൽത്ത് ഗെയിംസും ഉൾപ്പെടെ പ്രധാന മീറ്റുകളിലെല്ലാം മെഡൽ നേടാൻ ചാനുവിനായി.
2018ലെ ഏഷ്യൻ ഗെയിംസിൽ പരിക്ക് കാരണം പങ്കെടുക്കാനാകാതിരുന്നതും 2023 ൽ ഹാംഗ്ഷുവിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും ഉൾപ്പെടെ നിരവധി തിരിച്ചടികൾക്ക് ശേഷമാണ് ഇത്തവണ ചാനു പോഡിയലിലെത്തിയത്. ഉത്തര കൊറിയയുടെ റി സോംഗ് ഗം ഗെയിംസ് റെക്കാഡോടെ സ്വർണം നേടി.
സ്കീറ്റിലും സൂപ്പർ
ഷൂട്ടിംഗിൽ സ്കീറ്രിൽ പുരുഷ, വനിതാ ടീമുകൾക്ക് വെങ്കലത്തിളക്കം.
റൈസ ധില്ലൻ, മഹേശ്വരി ചൗഹാൻ, പരീനാസ് ധാലിവാല എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് വനിതാ ടീം ഇനത്തിൽ വെങ്കലമുറപ്പിച്ചത്.
അനന്ത്ജീത് സിംഗ് നരുക, മൈരാജ് അഹമ്മദ് ഖാൻ, ഭവ്തേഗ് സിംഗ് ഗിൽ എന്നിവരടങ്ങിയ പുരുഷ ടീമും വെങ്കലം വെടിവച്ചിട്ടു.
ബാഡ്മിന്റണിൽ ചരിത്രം
പുരുഷ ബാഡ്മിന്റൺ സെമിയിൽ ചൈനയോട് 1-3ന് തോറ്റതിനെ തുടർന്ന് ഇന്ത്യയ്ക്ക് വെങ്കലമെഡൽ. നാല് പതിറ്റാണ്ടിന് ശേഷംതുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേട്ടം എന്ന ചരിത്രം കുറിച്ചാണ് ഇന്ത്യൻ ടീമിന്റെ മടക്കം. കഴിഞ്ഞ തവണ ഇന്ത്യ വെള്ളി നേടിയിരുന്നു. അന്ന് ഫൈനലിൽ ചൈനയോട് തന്നെയാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇച്ചിനോമിയ സിറ്റി മുനിസിപ്പൽ ജിംനേഷ്യത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പുരുഷ ഡബിൾസിൽ മത്സരിച്ച സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ സംഘത്തിൽ ജയിക്കാനായത്.
ആദ്യ സിംഗിൾസ് മത്സരത്തിൽ ഇറങ്ങിയ ലക്ഷ്യ സെൻ ലോക ചാമ്പ്യനായ ചൈനയുടെ ഷി യുഖിയോട് പോരാടി തോറ്റു ( 16-21, 18-21).സാത്വിക ്സായിരാജ് - ചിരാഗ് ഷെട്ടിസഖ്യം ഡബിൾസിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ലിയാംഗ് വെയ് കെംഗ് - വാംഗ് ചാംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്ത് സമനില സമ്മാനിച്ചു ( 21-11, 22-20).എന്നാൽ അടുത്ത സിംഗിൾസ് മത്സരത്തിൽ ആയുഷ്ഷെട്ടി ലി ഷിഫെംഗിനോട് പൊരുതിവീണു ( 19-21, 13-21). നിർണായകമായ രണ്ടാം ഡബിൾസിൽ മലയാളി താരം എം.ആർ അർജുൻ -ഹരിഹരൻ സഖ്യം
ഹെ ജി ടിംഗ് - ലിയു യി ജോഡിയോട് 16-21, 21-17, 9-21ന് തോറ്റതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.
ബൈ ബൈ പ്രണോയ്
മലയാളി താരം എച്ച്.എസ് പ്രണോയുടെ കരിയറിലെ അവസാന ഏഷ്യൻ ഗെയിംസായിരുന്നു ഇത്. അതേസമയം അടുത്ത ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് തന്റെ ലക്ഷ്യമാണെന്ന് താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ ഏഷ്യൻ ഗെയിംസിൽ താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
40 - വർഷത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീം തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്നത്. ഇതിന് മുൻപ് 1982-86 ഏഷ്യൻ ഗെയിംസിലായിരുന്നു ഈ നേട്ടം കൈവരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |