SignIn
Kerala Kaumudi Online
Thursday, 24 September 2026 1.21 AM IST

ഏഷ്യൻ ഗെയിംസിൽ സ്വർണത്തിളക്കം; തമിഴ്നാട് സ്വദേശിനിക്ക് 75 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് വിജയ്

cm-vijay
ജി കമലിനി, മുഖ്യമന്ത്രി വിജയ്

ചെന്നൈ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണമെഡലിൽ മുത്തമിട്ടത്. ഫൈനലിൽ 147 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടക്കാരായും ഹർമൻപ്രീതും സംഘവും തിളങ്ങി.

സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും രംഗത്തെത്തിയിട്ടുണ്ട്. തന്റെ എക്സ് പേജിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്. തമിഴ്നാട് മധുര സ്വദേശിയായ ജി കമലിനിയും ഇത്തവണ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. കമലിനിക്ക് പ്രത്യേക അഭിനന്ദനവും പരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.

'ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് വിഭാഗത്തിൽ സ്വർണ മെഡൽ നേടി ചരിത്രം കൈവരിച്ച ഇന്ത്യൻ വനിതാ ടീമിനും ആ ടീമിലെ അംഗമായ തമിഴ്നാട്ടിലെ മധുര സ്വദേശി കമലിനിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ക്രിക്കറ്റ് താരം കമലിനിയുടെ മികച്ച നേട്ടത്തിന് സർക്കാർ 75 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും. ഇതുപോലെയുള്ള കായികതാരങ്ങളെ ഇനിയും തമിഴ്നാട് സർക്കാർ പിന്തുണയ്ക്കും. കമലിനിയുടെ വിജയം തമിഴ്നാട്ടിലെ യുവജനങ്ങൾക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കമലിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു'- വിജയ് എക്സിൽ കുറിച്ചു.


ഇന്നലെ നഗോയയിലെ നിസിഹിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയത് 216/3 എന്ന സ്കോർ. മറുപടിക്കിറങ്ങിയ ലങ്കയെ 15.4 ഓവറിൽ വെറും 69 റൺസിന് ചുരുട്ടിക്കെട്ടുകയും ചെയ്തു. അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥനയും (79), 48 റൺസ് നേടിയ ഓപ്പണർ ഷെഫാലി വെർമ്മയും പുറത്താകാതെ 49 റൺസ് നേടിയ റിച്ച ഘോഷുമാണ് ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയത്. ഹർമൻപ്രീത് 19 റൺസെടുത്ത് പുറത്തായി.

ഷെഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗിൽ ആദ്യ പത്തോവറിൽ അടിച്ചുകൂട്ടിയത് 99 റൺസാണ്. 29 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പറത്തിയ ഷെഫാലി മടങ്ങിയശേഷമെത്തിയ ഹർമൻ 15-ാം ഓവറിൽ ടീം സ്കോർ 141ൽ വച്ച് മടങ്ങി. 45 പന്തുകളിൽ അഞ്ച് ഫോറുകളും ഏഴ് സിക്സുകളും പായിച്ച സ്മൃതി 17-ാമത്തെ ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യ 163/3 എന്ന നിലയിലായിരുന്നു. 22 പന്തുകളിൽ ആറ് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച റിച്ചയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ക്യാപ്ടൻ ചമരി അട്ടപ്പട്ടു (29) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ഷെഫാലിയും ശ്രേയങ്കയും ശ്രീചരണിയും ചേർന്ന് ലങ്കയെ അരിഞ്ഞിട്ടു. ലങ്കൻ നിരയിൽ ചമരിയെക്കൂടാതെ കവിഷ ദിൽഹരിയും(11) കൗശിനിയും (14) മാത്രമാണ് രണ്ടക്കം കടന്നത്.

English Summary

Indian women’s cricket team won the gold medal at the 2026 Asian Games in Aichi-Nagoya, defeating Sri Lanka by 147 runs in the final. Madurai-born team member G. Kamalini was congratulated for her achievement, with the Tamil Nadu government announcing a cash award of ₹75 lakh in recognition of her performance. The announcement was made through the Chief Minister’s X account.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAMALINI, ASIAN GAMES 2026, INDIAN WOMEN CRICKET TEAM, TAMIL NADU SPORTS, KAMALINI CASH AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360