
വാഷിംഗ്ടൺ: ഇന്ത്യ അടക്കം റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കുന്ന ബില്ലിന് അംഗീകാരം നൽകി യു.എസ് സെനറ്റ്. ഇന്ത്യയെക്കൂടാതെ ചൈന, അസർബൈജാൻ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളാണ് ബില്ലിന്റെ പരിധിയിൽ.
റഷ്യൻ ഊർജ്ജ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ചു രാജ്യങ്ങളാണിവ. അടുത്തിടെ അന്തരിച്ച സെനറ്റർ ലിൻഡ്‌സീ ഗ്രഹാമിന്റെ പേരാണ് ബില്ലിന് നൽകിയിട്ടുള്ളത്. റഷ്യയുടെ ഊർജ്ജ പങ്കാളികൾക്കുമേൽ 500 ശതമാനം തീരുവ ചുമത്തണമെന്ന് ലിൻഡ്‌സീ വാദിച്ചിരുന്നു.
മൊത്തം പ്രകൃതി വാതകത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഇറാനിലെ ആയുധ, ഊർജ്ജ മേഖലയിൽ വൻ നിക്ഷേപം നടത്തുന്ന കമ്പനികൾക്കുള്ള ഉപരോധവും ബില്ലിന്റെ ഭാഗമാണ്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടക്കം റഷ്യൻ നേതാക്കൾക്കും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ബില്ലിൽ ശുപാർശ ചെയ്യുന്നുണ്ട്. ബില്ലിനെ യൂറോപ്യൻ യൂണിയൻ സ്വാഗതം ചെയ്തു.
# അന്തിമ തീരുമാനം ട്രംപിന്
ബിൽ ജനപ്രതിനിധി സഭയിൽ പാസാകണം. അവധിയിലുള്ള സഭ ഈമാസം 31ന് ചേരും. പുനഃപരിശോധന, സംവാദം തുടങ്ങിയ പ്രക്രിയകൾക്ക് ശേഷമേ വോട്ടുള്ളൂ. പാസായാൽ ട്രംപിന്റെ ഒപ്പോടെ നിയമമാകും. നിയമമായാലും തീരുവ ചുമത്തണോ അതോ ചർച്ചയിലൂടെ പരിഹരിക്കണോ എന്ന് ട്രംപിന് തീരുമാനിക്കാം.
# യുക്രെയിൻ യുദ്ധം
അവസാനിപ്പിക്കാൻ
രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് തടഞ്ഞ്, റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്ന് യു.എസ് വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |