SignIn
Kerala Kaumudi Online
Thursday, 24 September 2026 3.24 AM IST

യു.എസ് - ഇറാൻ സംഘർഷം 'പശ്ചിമേഷ്യയിൽ ' പ്രതീക്ഷ യു.എന്നിൽ ആദ്യ റൗണ്ട് ചർച്ച നടന്നു മികച്ച കൂടിക്കാഴ്ചയെന്ന് ട്രംപ് ഉപാധികൾ ഖത്തറിനെ അറിയിച്ച് ഇറാൻ

hj

ന്യൂയോർക്ക്: ഇറാൻ-യു.എസ് സംഘർഷത്തിനയവുണ്ടാകുമെന്ന പ്രതീക്ഷ നൽകിക്കൊണ്ട് ഐക്യരാഷ്ട്ര സഭയിൽ (യു.എൻ)​ നടന്ന ആദ്യ റൗണ്ട് ചർച്ച അവസാനിച്ചു. പൊതുസമ്മേളനത്തിനിടെ ഇറാനും യു.എസും മൂന്ന് മണിക്കൂർ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ആദ്യ റൗണ്ട് ചർച്ച മികച്ച രീതിയിൽ നടന്നെന്നും അടുത്തഘട്ട ചർച്ചകൾ ഉടൻ നടക്കുമെന്നും ട്രംപ് വ്യക്തമാക്കിയതോടെയാണ് പശ്ചിമേഷ്യയിൽ മഞ്ഞുരുകുന്നുവെന്ന പ്രതീക്ഷ വന്നത്. ഉപാധികൾ ഖത്തറിനെ അറിയിച്ചെന്ന് ഇറാനും വ്യക്തമാക്കി. യു.എസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജാരഡ് കുഷ്നറുമാണ് ഇറാൻ പ്രതിനിധികളായ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഉൾപ്പെട്ട സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.

തലകുനിക്കില്ല:

പെസഷ്‌കിയാൻ

ഇറാൻ കീഴടങ്ങില്ലെന്നും സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗത്തിൽ വിശ്വസിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യു.എന്നിൽ പറഞ്ഞു. പെസഷ്‌കിയാൻ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ യു.എസ് പ്രതിനിധി സംഘം സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഹോർമുസിന്റെ പ്രയോജനം എല്ലാവരും അനുഭവിക്കുമ്പോൾ ഇറാനെ മാത്രം കപ്പൽ ഗതാഗതത്തിൽ നിന്ന് മാറ്റിനിറുത്താനാകില്ല.

'യുദ്ധം ഇറാനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ, പോരാട്ടത്തെ ഞങ്ങൾ പേടിക്കുന്നില്ലെന്ന് തെളിയിച്ചു. ഞങ്ങൾ സ്വയം പ്രതിരോധിക്കുകയാണ് ചെയ്തിട്ടുള്ളത്. മുട്ടുമടക്കില്ല. ഞങ്ങൾ ഭീകരവാദികളല്ല. ഇറാനുനേരെ അടിച്ചേൽപ്പിക്കപ്പെട്ട ഭീരുത്വപരമായ ആക്രമണങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഇരകളായി ഞങ്ങളുടെ നിഷ്കളങ്കരായ ജനങ്ങൾ മാറി. എന്നിട്ടും ഞങ്ങൾ പരമാവധി ശക്തിയോടെ പ്രതിരോധിച്ചു. അമേരിക്കയും ഇസ്രയേലും ഞങ്ങളെ ആക്രമിച്ചു. ഈ ഭീഷണികളെ ഒഴിവാക്കാൻ ഇറാന് ശക്തരായേ മതിയാകൂ. ട്രംപും ഇറാനെ ഉപദ്രവിക്കുന്ന മറ്റുള്ളവരും മനസിലാക്കേണ്ട കാര്യം, ബലപ്രയോഗത്തിന്റെ ഭാഷയിലല്ലാത്ത ചർച്ചയ്ക്കും നയതന്ത്രത്തിനും ഞങ്ങൾ തയ്യാറാണ്. ആറ്റം ബോബുകളും അണ്വായുധങ്ങളും ഇസ്രയേലിന്റെ കൈകളിലാണ്. എന്നാൽ നിരീക്ഷകരോട് ഇറാനിലേക്ക് പോകാനാണ് പറയുന്നത്. കൊല്ലുന്നത് ഇസ്രയേലാണ്, ഉപരോധങ്ങൾ നേരിടുന്നത് ഇറാനും. ഇതാണ് യഥാർഥ ദുരന്തം. അവർ കൊല്ലുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നു. ഇറാന് ആണവോർജമാണ് വേണ്ടത്. ആണവ ബോംബല്ല" -പെസെഷ്കിയാൻ പറഞ്ഞു. ഇറാനിലെ മിനാബിൽ സ്കൂളിനുനേരെ നടന്ന ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെ ചിത്രങ്ങളും യു.എൻ പൊതുസഭയിൽ പെസെഷ്കിയാൻ ഉയർത്തിക്കാട്ടി.

സമ്മർദ്ദവുമായി

ഗൾഫ് രാജ്യങ്ങൾ


ഇറാനുമായുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് യു.എസിനോട് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി, യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യമുന്നയിച്ചത്.

ഇന്ത്യൻ സിനിമാരംഗം

പങ്കുവച്ച് ഭീഷണി

ഇറാനെ ഉന്മൂലനം ചെയ്യുമെന്ന ട്രംപിന്റെ പരാമർശത്തെ പരിഹസിക്കാൻ ഇന്ത്യൻ സിനിമയിലെ രംഗം പങ്കുവച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. ഭഗവന്ത് കേസരി എന്ന സിനിമയിലെ തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച 58 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് പങ്കുവച്ചിരുന്നത്. സായുധരായ ഒട്ടേറെ പേർ വെടിയുതിർക്കുന്നത് ഒറ്റയ്ക്ക് ചെറുക്കുന്നതാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360