SignIn
Kerala Kaumudi Online
Sunday, 09 August 2026 9.29 PM IST

സൗദി - തുർക്കി - പാക് പ്രതിരോധ കരാറിലൂടെ പുതിയ ശാക്തിക ചേരി

d

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം കാരണം ആരും പ്രതീക്ഷിക്കാത്ത ഒരു ശാക്തികചേരി ഉദയംകൊണ്ടു. സുന്നി ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളായ സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനും വിശുദ്ധ നഗരമായ മക്കയിൽ സുപ്രധാന പ്രതിരോധ കരാർ ഒപ്പിട്ടതോടെയാണ് അതു സംഭവിച്ചത്.

'സുന്നി നാറ്റോ" എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. എന്നാൽ, നാറ്റോയെപോലെ സൈനിക അച്ചുതണ്ട് അല്ലെന്ന് സൗദി വ്യക്തമാക്കി. തുർക്കി നാറ്റോ അംഗമാണ്. നാറ്റോയിലെ ഏറ്റവും വലിയ രണ്ടാമത്തെ മിലിട്ടറിയും അവർക്കാണ്. സൗദിയാകട്ടെ ഗൾഫിലെ കരുത്തർ. എണ്ണക്കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും പ്രമുഖ രാജ്യം. പാകിസ്ഥാനാവട്ടെ, ആണവായുധവുമുണ്ട്. ഇതാണ് ഈ കൂട്ടുകെട്ടിനെ മറ്റുരാജ്യങ്ങൾ ഗൗരവത്തിലെടുക്കാൻ കാരണം.

മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ,​ കൂട്ടായി പ്രതിരോധിക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.

മുതലെടുക്കാൻ

പാകിസ്ഥാൻ

ഇന്ത്യയുടെ കാഴ്ചപ്പാടിൽ ഇത് ആകസ്‌മികമല്ല.

പാകിസ്ഥാനും തുർക്കിയും അനൗദ്യോഗികമായിപരസ്പരം സഹകരിക്കാറുണ്ട്. തുർക്കിയുടെ ആയുധങ്ങൾ പാകിസ്ഥാൻ ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നു. 2025 സെപ്‌തംബറിൽ സൗദിയും പാകിസ്ഥാനും സമാന പ്രതിരോധ കരാറിൽ ഒപ്പിട്ടിരുന്നു. ഇപ്പോൾ തുർക്കിയെയും ചേർത്ത് പരിഷ്കരിച്ചു.

സൗദിയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. ഇന്ത്യയെ ബാധിക്കില്ലെന്ന് അവർ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പാകിസ്ഥാന്റെ സൈനികശേഷിയെ കരാർ ബലപ്പെടുത്തും.

ചൈനയായിരുന്നു പാകിസ്ഥാന്റെ സൈനിക ആശ്രയം. ഇനി അവർക്ക് പ്രതിരോധ കാര്യങ്ങൾക്ക് ഫണ്ടിനായി സൗദിയെ സമീപിക്കാം. അതിന് പൂർണമായി വഴങ്ങിക്കൊടുക്കാതിരിക്കാൻ സൗദിയെ പ്രേരിപ്പിക്കാൻ ഇന്ത്യയുടെ നയതന്ത്രനീക്കങ്ങൾക്ക് കഴിയുമെന്നാണ് ഡൽഹി കരുതുന്നത്.എന്നാൽ, ഡ്രോൺ അടക്കം ആധുനിക സാങ്കേതികവിദ്യകൾ തുർക്കി പാകിസ്ഥാന് നിർലോഭം നൽകിയേക്കും.

ഇന്ത്യയോട്

ഏറ്റുമുട്ടാനില്ല

ഇന്ത്യ-പാക് സംഘർഷമുണ്ടായാൽ സൗദിയും തുർക്കിയും ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടില്ല. കാരണം, പാക് ഭീകരർ സൃഷ്ടിക്കുന്ന 'പ്രകോപനങ്ങൾക്ക്' ഇന്ത്യ തിരിച്ചടി നൽകുകയാണ് ചെയ്യുന്നത്. സൗദി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ പാകിസ്ഥാനെ സാമ്പത്തികമായി പിന്തുണയ്ക്കാനേ ശ്രമിക്കൂ.

ഹൂതികളെ തൊടില്ല

സൗദിക്കെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തുന്നുണ്ട്. പാകിസ്ഥാനോ തുർക്കിയോ ഹൂതികളെ നേരിട്ട് ആക്രമിക്കില്ല.

ഇറാന്റെ സഖ്യ കക്ഷികളാണ് ഹൂതികൾ. ഹൂതികളെ പ്രകോപിപ്പിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ ഇരുവരും ആഗ്രഹിക്കുന്നില്ല. എന്നാൽ, പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ പിന്തിരിപ്പിക്കാൻ ഇവർ ബാദ്ധ്യസ്ഥരാണ്.

സൗദിയുടെ ലക്ഷ്യം

കരാർ ഒരു രാജ്യത്തിനും എതിരല്ലെന്നും മറ്റ് രാജ്യങ്ങൾ പങ്കാളികളായേക്കാമെന്നും സൗദി വ്യക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധം, ഇറാനും ഹൂതികൾ അടക്കം അവരുടെ സഖ്യ കക്ഷികളും ഉയർത്തുന്ന ഭീഷണി തുടങ്ങിയവ പ്രതിരോധിക്കുകയാണ് സൗദിയുടെ ലക്ഷ്യം. രാജ്യത്തിന്റെ നട്ടെല്ലായ എണ്ണ വ്യവസായത്തെ സംരക്ഷിക്കുന്നതിന് പുറമേ, യു.എസ് അടക്കം പാശ്ചാത്യ ശക്തികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് ആവശ്യമാണ്.

നിരീക്ഷിച്ച് ഇന്ത്യ

കരാറിനെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ. വിശദമായ പ്രതികരണം പിന്നീടുണ്ടാകും. അതേസമയം, ഇസ്രയേലുമായി പ്രതിരോധ കരാറിന് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി.


``കരാർ തികച്ചും പ്രതിരോധാത്മകം. നിലവിലെ അന്താരാഷ്ട്ര പ്രതിബദ്ധതകളെ ഇല്ലാതാക്കില്ല. പുതിയ സൈനിക അച്ചുതണ്ടുമല്ല.``

-സൗദി, തുർക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360