SignIn
Kerala Kaumudi Online
Sunday, 09 August 2026 3.49 AM IST

'രേഖകളില്ലാത്തവർക്ക് പൊള്ളുന്ന ശിക്ഷ', ദക്ഷിണാഫ്രിക്കയിൽ കൂട്ടപ്പലായനം; ജീവനുംകൊണ്ട് നാടുകടന്നത് ഒരു ലക്ഷത്തിലധികം പേർ

migrants
പൊലീസുമായി തർക്കിക്കുന്ന കുടിയേറ്റക്കാർ

ജൊഹാനസ്ബർഗ്: അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളും അക്രമങ്ങളും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക വിട്ടത് ലക്ഷക്കണക്കിന് ആഫ്രിക്കൻ പൗരന്മാർ. ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌‌വ്യവസ്ഥയായ ദക്ഷിണാഫ്രിക്കയിൽ നിന്ന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ കുടിയേറ്റ പലായനമാണിത്. ആക്രമണങ്ങളെ ഭയന്ന് 1,78,000ത്തിലധികം ആഫ്രിക്കൻ കുടിയേറ്റക്കാരാണ് ദക്ഷിണാഫ്രിക്ക വിട്ട് തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.

മടങ്ങിയവരുടെ കണക്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതത് രാജ്യങ്ങളിലെ സർക്കാരുകൾ പുറത്തുവിട്ടു. കഴിഞ്ഞ മേയ് അവസാനം മുതൽ സിംബാബ്‌വേയിലേക്ക് മാത്രം 1,15,000ത്തിലധികം ആളുകൾ തിരിച്ചെത്തി. മലാവിയിലേക്ക് 56,000ത്തിലധികം പേരും മടങ്ങി. നൈജീരിയ, ഘാന, മൊസാംബിക്ക്, ലെസോ എന്നീ രാജ്യങ്ങളിൽ നിന്നും ആയിരത്തിലധികം പൗരന്മാർ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം രാജ്യങ്ങളുടെയോ ദക്ഷിണാഫ്രിക്കയുടെയോ പുനരധിവാസ പദ്ധതികൾ പ്രയോജനപ്പെടുത്തി സ്വമേധയാ മടങ്ങിയവരാണ്.

ഏപ്രിൽ മുതൽ ഏകദേശം 19,000 പേരെ ഔദ്യോഗികമായി നാടുകടത്തിയതായി ദക്ഷിണാഫ്രിക്കൻ അധികൃതർ വ്യക്തമാക്കി. പെട്ടെന്നുള്ള കൂട്ടപ്പലായനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങി. കൂടാതെ, എച്ച്.ഐ.വി ബാധിതരായ നിരവധി പേർക്ക് ജീവൻ രക്ഷാ ഔഷധങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തത് വലിയ ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ടെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി. മടങ്ങിയവരിൽ നാല് വയസിന് താഴെയുള്ള അയ്യായിരത്തോളം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.


രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും പൊതുസേവനങ്ങളുടെ തകർച്ചയ്ക്കും കാരണം അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധങ്ങൾ ശക്തമായത്. അനധികൃതമായി രാജ്യത്ത് കഴിയുന്നവർ ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 30ന് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ അക്രമങ്ങളുംഅരങ്ങേറി. നിയമ രേഖകളോടെ താമസിക്കുന്ന വിദേശികളുടെ വീടുകളും ബിസിനസുകളും വരെ ആക്രമിക്കപ്പെടുകയും തീയിടുകയും ചെയ്തു. മൊസാംബിക്കിൽ നിന്നുള്ള 11 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ദക്ഷിണാഫ്രിക്കൻ സർക്കാർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലെ ആക്രമണങ്ങളിൽ ചില മൊസാംബിക്കൻ, നൈജീരിയൻ, ഘാന പൗരന്മാർ കൊല്ലപ്പെട്ടു. എന്നാൽ ഇത് കുടിയേറ്റ പ്രതിഷേധങ്ങളുടെ ഭാഗമായല്ല, മറിച്ച് മറ്റ് കുറ്റകൃത്യങ്ങൾ മൂലമാണെന്നാണ് ദക്ഷിണാഫ്രിക്കയുടെ വാദം. ദക്ഷിണാഫ്രിക്കയുടെ കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെ ആഫ്രിക്കൻ യൂണിയൻ യോഗത്തിൽ ഘാന പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ വിഷയത്തിൽ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ചകൾ നടത്താൻ ദക്ഷിണാഫ്രിക്ക തയ്യാറായി.

അക്രമങ്ങളെ അപലപിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചകൾ സംഭവിച്ചതായി സമ്മതിച്ചു. അതിർത്തികൾ സുരക്ഷിതമാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും, അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ജോഹാനസ്ബർഗിന് സമീപമുള്ള തടങ്കൽ കേന്ദ്രത്തിൽ നാടുകടത്തൽ കാത്ത് മൂവായിരത്തോളം പേർ കഴിയുന്നുണ്ട്.

English Summary

Over 1.78 million African migrants have fled South Africa or been deported following a surge in anti-immigrant sentiment, strict government crackdowns, and targeted violence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIGRANTS, LATESTNEWS, WORLDNEWS, SOUTH AFRICA, DEPORTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360