
വാഷിംഗ്ടൺ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സോഷ്യൽ മീഡിയ ഭീമൻ മെറ്റയ്ക്ക് 56.7 കോടി ഡോളർ ( 53,96,19,85,350 രൂപ) പിഴ വിധിച്ച് യു.എസിലെ ന്യൂമെക്സിക്കോ കോടതി. ഇതേ കേസിൽ മാർച്ചിൽ മെറ്റയ്ക്ക് 37.5 കോടി ഡോളർ പിഴയും വിധിച്ചിരുന്നു. ഇതോടെ മെറ്റയ്ക്ക് മേൽ കോടതി ചുമത്തിയ ആകെ പിഴ 94.2 കോടി ഡോളറായി.
കുട്ടികളുടെ മാനസികാരോഗ്യത്തിന് ബോധപൂർവ്വം ദോഷം ചെയ്യുകയും കുട്ടികളുടെ സുരക്ഷയെ അവഗണിക്കുകയും ചെയ്യുന്ന 'പൊതു ശല്യം ' എന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്ഫോമുകളെ ജഡ്ജി ബ്രയാൻ ബീഡ്‌ഷീൽഡ് വിശേഷിപ്പിച്ചത്.
ന്യൂമെക്‌സിക്കോയിൽ പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളും കോടതി മെറ്റയ്ക്ക് നൽകി. കുട്ടികളിലെ പ്രതിമാസ ഉപയോഗം 90 മണിക്കൂറായി നിജപ്പെടുത്തണമെന്നും രാത്രി 10നും രാവിലെ 7നും ഇടയിൽ നോട്ടിഫിക്കേഷനുകൾ പാടില്ലെന്നും ഉത്തരവിട്ടു.
പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ അപകടത്തിലാക്കുന്നെന്ന് അറിഞ്ഞിട്ടും മെറ്റ അവ മറച്ചുവച്ചെന്നുള്ള ആരോപണത്തെ തുടർന്ന് ന്യൂമെക്സിക്കോ ഭരണകൂടം നടത്തിയ അന്വേഷണമാണ് കേസിലേക്ക് നയിച്ചത്. ആരോപണങ്ങൾ നിഷേധിച്ച മെറ്റ, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |