പിടിച്ചെടുത്തവയിൽ നിരോധിത 300 മില്ലി വെള്ളക്കുപ്പികളും
കണ്ണൂർ: ജില്ലയിൽ നിന്ന് 10 ദിവസം കൊണ്ട് പിടിച്ചെടുത്തത് രണ്ടര ടൺ നിരോധിത വസ്തുക്കൾ. പാനൂർ, തലശ്ശേരി, ചിറക്കൽ, കണ്ണൂർ കോർപ്പറേഷൻ, പെരിങ്ങോം എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് വ്യാജ ബയോ ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. കണ്ണൂർ മാർക്കറ്റിൽ അതിരാവിലെ വാഹനങ്ങളിൽ എത്തി നിരോധിത ക്യാരിബാഗുകൾ വിതരണം ചെയ്യുന്ന സംഘവും പിടിയിലായി. വരും ദിവസങ്ങളിൽ പഞ്ചായത്ത് തല വിജിലൻസ് സ്‌ക്വാഡുകൾ ഉൾപ്പെടെ കൂടുതൽ പരിശോധന നടത്തുമെന്ന് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ അറിയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിന്റൽ പ്ലാസ്റ്റിക് ക്യാരിബാഗുകളും രണ്ടായിരത്തോളം നിരോധിത 300 മില്ലി വെള്ളക്കുപ്പികളും പിടിച്ചെടുത്തു. കൂത്തുപറമ്പ് പഴയ നിരത്തിലെ എൻ.എം.സി ട്രേഡേഴ്‌സിൽ നിന്നാണ് നിരോധവസ്തുക്കൾ പിടിച്ചെടുത്തത്. തൽസമയ ഡൈ ക്ലോറോ മീതേൻ ടെസ്റ്റ് നടത്തി തിരിച്ചറിഞ്ഞാണ് പ്ലാസ്റ്റിക് ക്യാരിബാഗുകൾ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങൾ നഗരസഭയ്ക്ക് കൈമാറി.10,000 രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് എൻഫോസ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, എ. ഷാലിഖ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഞ്ജു ജോർജ്, പി.കെ. സജിത എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |