SignIn
Kerala Kaumudi Online
Sunday, 09 August 2026 2.23 AM IST

അമിത ജോലിയാൽ ഉറങ്ങിപ്പോയി, ട്രാൻ. ബസ് ഇടിച്ചുമറിഞ്ഞു ഡ്രൈവറും കണ്ടക്ടറും മരിച്ചു സംഭവം മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ 20 പേർക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

bus

കോഴിക്കോട്: മൈസൂരു - ബെംഗളൂരു ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. തുടർച്ചയായുള്ള ജോലിക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാധമിക നിഗമനം, 20 പേർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരം. വെള്ളിയാഴ്ച രാത്രി കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിലെ താത്കാലിക ഡ്രൈവറായ വെള്ളയിൽ കുന്നത്തുതാഴം വയൽ അജിത നിവാസിൽ മോഹനൻ മൈഥിലി ദമ്പതികളുടെ മകൻ മിഥിലേഷ് (28), കണ്ടക്ടർ ചേവായൂർ തച്ചോളി മീത്തൽ എൻ.എം.കൃഷ്ണൻ (പരേതൻ) കെ.ശോഭന ദമ്പതികളുടെ മകൻ എൻ.എം.അരുൺ (53) എന്നിവരാണ് മരിച്ചത്.
കർണാടകയിലെ ബിഡദിയിൽ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. അമിത ജോലി ഭാരത്തെ തുടർന്നാണ് ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സൂചന. മഴയിൽ അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ബോർഡിൽ ഇടിച്ചുമറിഞ്ഞ് കണ്ടക്ടർ അരുൺ തത്ക്ഷണം മരിച്ചു. ബെംഗളുരു രാജരാജേശ്വരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ഡ്രൈവർ മരിച്ചത്. തലകീഴായി മറിഞ്ഞ ബസ് ഏതാണ്ട് പൂർണമായും തകർന്നു. ഇരുമൃതദേഹങ്ങളും രാജരാജേശ്വരി മെഡിക്കൽ കോളേജിൽ.
വെള്ളിയാഴ്ച രാത്രി കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ് ഇന്നലെ രാവിലെ ഒമ്പതരയോടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ടതായിരുന്നു. പരിക്കേറ്റവരിൽ അധികവും മലയാളികളാണ്. ബസിലാകെ 25 പേരാണ് ഉണ്ടായിരുന്നത്. ബിഡദി പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഗതാഗതവും തടസപ്പെട്ടു. ഏകോപനത്തിന് റവന്യൂ ഹെൽത്ത് ടീം ബെംഗളുരുവിലെത്തി. മരിച്ച അരുണിന്റെ ഭാര്യ: പവിഷ. മക്കൾ: പ്രാർത്ഥന അരുൺ (നടക്കാവ് ഗേൾസ് സ്‌കൂൾ), വിഘ്‌നേഷ് കൃഷ്ണ (ഒളവണ്ണ സ്‌കൂൾ ). മരിച്ച മിഥിലേഷിന്റെ ഭാര്യ: രാഗി. മക്കൾ: ആരഭി, ആരവ്.

 പരിക്കേറ്റവർ

വയനാട് സ്വദേശികളായ റഷീദ് (45), അശ്വിൻ (25), ഷഹബാദ്, ഫെനിക്സ് (19), അമൽ (42), അനഗേഷ് , ഷീന (39), റോസ്ന (24) എറണാകുളം സ്വദേശി ജിന്റോ (29), മലപ്പുറം സ്വദേശി നിഷാദ് (34), താമരശ്ശേരി സ്വദേശി ഹൃദ്യമോഹൻ (22), ഹൊസൂർ സ്വദേശി നിതിൻരാജ് (33), ചന്ദ്ര (56), ജാഫർ (40), സനൂപ് (38), സൂരജ് ( 19), സ്‌നേഹ (26), അജിത്ത് (33). പരിക്കേറ്റവർ ബിഡദിയിലെ ഭാരത് കെപണ്ണ ആശുപത്രിയിലും ആരാദ്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA