SignIn
Kerala Kaumudi Online
Saturday, 08 August 2026 7.51 PM IST

'സൂപ്പർ ബസ്, പക്ഷേ ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല; കെഎസ്ആർടിസിക്ക് നഷ്ടം അരലക്ഷം രൂപയോളം'

READ ENGLISH VERSION
anil-akkare

തൃശൂർ: കെഎസ്ആർടിസി ദീർഘദൂര വോൾവോ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം വിവരിച്ച് മുൻ എംഎൽഎ അനിൽ അക്കരെ. ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഈ ബസ് വൈകുന്നത് സംബന്ധിച്ചാണ് അനിൽ അക്കരെയുടെ പോസ്റ്റ്. എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. മറ്റ് ബസുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ ഈ ബസിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സൂപ്പർ ബസ് പക്ഷേ യാത്രക്കാർ എവിടെ?
കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്തത് കെഎസ്ആർടിസിയുടെ ഒരു വോൾവോ ബസ്സിലായിരുന്നു. സൂപ്പർ ബസ്. മികച്ച സൗകര്യങ്ങൾ. നല്ല യാത്രാനുഭവം. പക്ഷേ ഒരു കാര്യം മാത്രം മനസ്സിലായില്ല. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തുനിന്ന് കയറിയ ഞാൻ രാത്രി 12 മണിയോടെയാണ് തൃശ്ശൂരിൽ ഇറങ്ങിയത്. ഏകദേശം 9 മണിക്കൂർ യാത്ര!

ബാംഗ്ലൂരിലേക്ക് പോകുന്ന സർവീസാണ് ഇത് ഈ വേഗതയിൽ പോയാൽ ബാംഗ്ലൂരിലെത്തുമ്പോൾ ഉച്ചയാകുമല്ലോ!ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ബസ്സിൽ ഞാനടക്കം പത്തിൽ താഴെ യാത്രക്കാർ മാത്രം. എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസ്സിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നു. 'ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല. മറ്റ് ബസ്സുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസ്സിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല.'

ഇത് ശരിയാണെങ്കിൽ, പ്രശ്നം യാത്രക്കാരുടേതല്ല; സർവീസ് മാനേജ്‌മെന്റിന്റേതാണ്. ഞാൻ ഏകദേശ കണക്ക് കൂട്ടിയപ്പോൾ, ഇത്തരത്തിൽ സർവീസ് നടത്തുന്നതിലൂടെ ഒരു ബസ്സിൽ നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും കെഎസ്ആർടിസിയ്ക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാം. നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണം. കെഎസ്ആർടിസിയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം.

നഷ്ടത്തിലോടുന്ന സർവീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്.
നല്ല വണ്ടി,നല്ല സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം. കെഎസ്ആർടിസിയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL AKKARE, KSRTC VOLVO, KSRTC LONG DISTANCE BUS, ANIL AKKARE EXPERIENCE, KERALA KSRTC VOLVO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA