
തിരുവനന്തപുരം: സൈബർ തട്ടിപ്പിന്റെ പുതിയ രൂപമായ മ്യൂൾ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് പൊലീസ്. സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാൻ വ്യക്തികളുടെ അറിവോടെയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണിവ. വിദ്യാർത്ഥികളെയും വരുമാനം കുറവുള്ളവരെയുമാണ് മിക്കപ്പോഴും തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത്. പണം വാഗ്ദാനം ചെയ്തും ചിലരെ വലയിലാക്കുന്നു.
ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം ബാങ്ക് അക്കൗണ്ട് നൽകയോ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിൽ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്താൻ അനുവദിക്കരുത് അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കു വയ്ക്കരുത്. അനധികൃതമായി അക്കൗണ്ടിൽ പണം ലഭിച്ചാൽ ബാങ്കിനെയും പൊലീസിനെയും വിവരമറിയിക്കണം. ഇങ്ങനെ ലഭിക്കുന്ന പണം പിൻവലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ടുകളുടെ പൂർണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകൾക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. തട്ടിപ്പിനിരയായാൽ 1930 എന്ന സൈബര്‍ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ വിവരം അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |