SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി, വിജയലക്ഷ്മി

1

നർമ്മദ നദിക്കരയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പടുകൂറ്റൻ പ്രതിമയെ സാക്ഷിനിറുത്തി ചലച്ചിത്ര പ്രതിഭകൾ 72-ാമത് ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും സ്വീകരിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും ഏറ്റുവാങ്ങിയപ്പോൾ സദസ് ഒന്നാകെ എണീറ്റു നിന്ന് കരഘോഷം മുഴക്കി. കന്നടയിലെ ഇതിഹാസ താരം അനന്തനാഗ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചപ്പോഴും സദസ് ഒന്നാകെ എണീറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു. പുരസ്കാരം ഏറ്റുവാങ്ങാൻ അനന്തനാഗിന്റെ പേര് അനൗൺസ് ചെയ്തപ്പോൾ സദസിന്റെ മുൻനിരയിൽ ഇരുന്ന മമ്മൂട്ടി അദ്ദേഹത്തിനടുത്തെത്തി അഭിനന്ദിച്ചു.

ഡൽഹിക്ക് പുറത്തുനടന്ന ആദ്യ ചലച്ചിത്ര അവാർഡ് വിതരണമായിരുന്നു ഇത്. മമ്മൂട്ടിക്ക് പുരസ്കാരം നേടിക്കൊടുത്ത 'ഭ്രമയുഗ'ത്തിന്റെ ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാൽ, നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച ഭദ്രകാളി നാടകത്തിന്റെ സംവിധായകൻ ആനന്ദജ്യോതി (ജോസ് ആന്റണി), മികച്ച ആനിമേഷൻ ഫിലിം ഒരുക്കിയ ജോഷി ബെനഡിക്‌ട്, മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, നിർമ്മാതാവ് കെ.വി. താമിർ എന്നിവരും മലയാളത്തിന്റെ പെരുമ അറിയിച്ച് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും (ക്യാപ്റ്റൻ മില്ലർ) മികച്ച തമിഴ് ചിത്രത്തിന്റെ (രായൻ) സംവിധായകനുള്ള പുരസ്കാരവും തമിഴ് നടൻ ധനുഷ് ഏറ്റുവാങ്ങി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജ്‌കുമാർ പെരിയസാമി, മികച്ച ചിത്രം ആർട്ടിക്കിൾ 370ന്റെ സംവിധായകൻ സുഹാസ് ജംഭാലെ, നടി യാമി ഗൗതം, മമ്മൂട്ടിയുമായി അവാർഡ് പങ്കിട്ട കാർത്തിക് ആര്യൻ തുടങ്ങിയവരും പുരസ്കാരം സ്വീകരിച്ചു.

മമ്മൂട്ടിയുടെ അഭിനയശൈലി അത്ഭുതം: രാഷ്ട്രപതി

മമ്മൂട്ടിയുടെ അഭിനയ ശൈലി അത്ഭുതമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഈ വർഷം പദ്മഭൂഷൺ അവാർഡ് നൽകിയ മമ്മൂട്ടിക്ക് ഇതേ വർഷം തന്നെ മികച്ച നടനുള്ള ദേശീയ അവാർഡ് സമ്മാനിച്ചപ്പോൾ ആഹ്ളാദമാണുണ്ടായതെന്നും വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ജൂറി ചെയർമാൻ ജയരാജ്, രചനാ വിഭാഗം ചെയർമാൻ എ.ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA