
പത്തനംതിട്ട: ശബരിമലയിലെ അരവണ ക്ഷാമം പരിഹരിക്കാൻ കർശന നിർദ്ദേശവുമായി ദേവസ്വം ബോർഡ്. നിർമ്മാണം നടക്കുന്ന അരവണ പ്ലാന്റിലെ 12 അടുപ്പുകളെങ്കിലും തുലാമാസ പൂജകൾക്ക് മുമ്പ് പ്രവർത്തന ക്ഷമമാക്കണമെന്ന് കരാറുകാരനോട് നിർദ്ദേശിച്ചു. പ്ളാന്റിന്റെ ശേഷി കൂട്ടാൻ ചിങ്ങ മാസ പൂജകൾക്ക് ശേഷം അരവണ നിർമ്മാണം നിറുത്തി വച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പ്ലാന്റിൽ നീരാവിയിൽ പ്രവർത്തിപ്പിച്ചിരുന്ന മുഴുവൻ അടുപ്പും ഇളക്കി മാറ്റിയാണ് തറയുടെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം ഒക്ടോബർ ആദ്യ വാരത്തിൽ തീർക്കാനായിരുന്നു പദ്ധതി. പക്ഷേ തറയുടെ നിർമ്മാണം ഒരു മാസത്തിന് ശേഷവും പൂർത്തിയാക്കാനായിട്ടില്ല. കന്നി മാസത്തിൽ ബോർഡിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ തീർത്ഥാടകരെത്തിയതോടെയാണ് അരവണ കിട്ടാതായത്. ജി.ഐ ഷീറ്റുകൾ ഉപയോഗിച്ച, പ്ലാന്റിൽ വായു കടക്കാത്ത മേൽത്തട്ട് നിർമ്മാണം തുടങ്ങിയിട്ടുണ്ട് . തുലാമാസ പൂജയ്ക്ക് നട തുറക്കാൻ 22 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനുള്ളിൽ പണികൾ പൂർത്തിയാക്കി പ്ലാന്റിന്റെ ശേഷി കൂട്ടാൻ കഴിയുമോ എന്നതിൽ കരാറുകാരന് ഉറപ്പില്ല.
12 അടുപ്പുകളെങ്കിലും പ്രവർത്തന ക്ഷമമാക്കാൻ കഴിഞ്ഞാൽ തുലാമാസത്തിൽ നട തുറക്കുമ്പോഴേക്കും അരവണ പ്രതിസന്ധി മറി കടക്കാമെന്നാണ് കണക്കുകൂട്ടൽ. അടുത്ത രണ്ടാഴ്ചയ്കുള്ളിൽ പണികൾ പൂർത്തിയാക്കി ഒക്ടോബർ ഏഴിന് അരവണ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. തുലാമാസ പൂജയ്ക്കു ശേഷം പ്ലാന്റിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിച്ച് ദിനം പ്രതി 3.5ലക്ഷം ടിൻ അരവണ നിർമ്മിച്ച് കരുതൽ ശേഖരം 70ലക്ഷം കണ്ടെയ്നറാക്കാനാണ് നീക്കം.
വീഴ്ച പരിഹരിക്കണമെന്ന് മുരളീധരനും കുമ്മനവും
തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിലെ വീഴ്ച സർക്കാർ പരിഹരിക്കണമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.എൽ.എ. തീർത്ഥാടനകാലം തുടങ്ങും മുമ്പ് 70 ലക്ഷം അരവണ സ്റ്റോക്കുണ്ടാകണം, അരവണ പ്ളാന്റ് പ്രവർത്തനക്ഷമമായിരിക്കണം എന്നൊക്കെയാണ് വ്യവസ്ഥ. അത് പാലിക്കപ്പെട്ടിട്ടില്ല. സർക്കാരിന് തുടർച്ചയായ അലംഭാവമാണ്. മുഖ്യമന്ത്രിയുടെ മലപ്പുറത്തേക്കുള്ള ചാർട്ടേർഡ് വിമാനയാത്രയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ലക്ഷക്കണക്കിന് ഭക്തർക്ക് പ്രസാദം പോലും ലഭിക്കാത്ത അപമാനകരമായ സാഹചര്യം ഉണ്ടാകരുതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. അരവണയുടെ ബഫർ സ്റ്റോക്ക് സൂക്ഷിക്കാതെ ഫാക്ടറി പൊളിച്ചുമാറ്റിയത് ഗുരുതര വീഴ്ചയാണെന്നും കുമ്മനം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |