
തിരുവനന്തപുരം: സൗജന്യ സ്ത്രീയാത്രയായ പ്രിയദർശിനി കെ.എസ്.ആർ.ടി.സിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും ജനകീയമാക്കുകയും ചെയ്തതായി ഗതാഗത മന്ത്രി സി.പി ജോൺ. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോയിൽ പ്രിയദർശിനിയുടെ നൂറാം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കി 97 ദിവസം പിന്നിടുമ്പോൾ 12.54 കോടി സ്ത്രീ യാത്രകളാണ് നടന്നത്. 266 കോടിയുടെ സൗജന്യയാത്രയാണ് ഈ കാലയളവിൽ സ്ത്രീകൾക്ക് ലഭിച്ചു. പദ്ധതിയില്ലായിരുന്നെങ്കിൽ ഈ തുക സ്ത്രീകൾക്ക് ചെലവഴിക്കേണ്ടിവരുമായിരുന്നു. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന യാത്രാക്കണക്ക് സെപ്തംബർ ഏഴിനായിരുന്നു. അന്ന് 15 ലക്ഷത്തിലധികം പേർ യാത്ര ചെയ്തപ്പോൾ പദ്ധതിയുടെ ടിക്കറ്റ് മൂല്യം 3.29 കോടിയായി. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ പുരുഷന്മാർ കെ.എസ്.ആർ.ടി.സിയിൽ നിന്ന് യാത്ര ഒഴിവാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. പുരുഷയാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വർദ്ധനവ് രേഖപ്പെടുത്തി. വാട്ടർ മെട്രോയുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജുകൾ വിപുലീകരിക്കുന്നതിനായി ജലഗതാഗത വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ശബരിമല തീർഥാടന സീസണിനായി കൂടുതൽ ബസുകൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സ്ത്രീ യാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു. കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ് പ്രമോജ് ശങ്കർ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ആർ.ഹരികുമാർ,ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |