
കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലം മുതലുള്ള ആദർശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷന്റെ (സി.സി.സി) മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. കേവല ലാഭത്തിന്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസൗഹാർദ്ദം നിലനിർത്തുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡോ. പി. മുഹമ്മദ് അലി ഗൾഫാർ അദ്ധ്യക്ഷത വഹിച്ചു. ഓടമ്പള്ളി മുഹമ്മദ് ഫൈസി, കണ്ണൂർ ബിഷപ്പ് റവ. ഡോ. അലക്സ് വടക്കുന്തല, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, തൃശൂർ ശ്രീരാമകൃഷ്ണ മഠത്തിന്റെ സ്വാമി നന്ദാത്മജാനന്ദ എന്നിവർ പ്രഭാഷണം നടത്തി.
സി.സി.സി ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത എന്നിവർ പ്രസംഗിച്ചു.
കേരള സർക്കാർ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശുപാർശ സി.സി.സി ട്രഷറർ ഫാ. ഡോ. ആന്റണി വടക്കേക്കര സമർപ്പിച്ചു. മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് ഫൈസൽ നസീം പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |