
കൊല്ലം: ഓണക്കാല ബിസിനസ് തകർത്ത് ഉടമകളെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെ ജൂവലറികൾ അടപ്പിച്ച് പരിശോധനയുമായി ജി.എസ്.ടി ഉദ്യോഗസ്ഥർ. കൊള്ള സങ്കേതത്തിൽ റെയ്ഡ് നടത്തുന്നത് പോലെ വൻ സംഘമായി എത്തിയാണ് ജൂവലറികളിൽ രാപകൽ പരിശോധന നടത്തുന്നത്.
സ്വർണവില കുതിച്ചുയർന്നതോടെ വില്പന കുത്തനെ ഇടിഞ്ഞ് വ്യാപാരികൾ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധന നടത്തുന്നത്. പല ജൂവലറികളും തുറക്കുന്നതിന് പിന്നാലെ എത്തുന്ന സംഘത്തിന്റെ പരിശോധന തൊട്ടടുത്ത ദിവസം പുലർച്ചെ വരെ നീളും. അതുകൊണ്ട് തന്നെ ജി.എസ്.ടി സംഘം പരിശോധന നടത്തുന്ന ജൂവലറികൾക്ക് രണ്ട് ദിവസത്തെ ബിസിനസ് നഷ്ടപ്പെടുകയാണ്. ബില്ലിംഗ് വിവരങ്ങളും സ്റ്റോക്കുമാണ് പരിശോധിക്കുന്നത്. വലിയ കുറ്റകൃത്യം നടന്നത് പോലെ സംസ്ഥാനത്തിന്റെ വടക്കുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെയും കൂട്ടി ആൾക്കൂട്ടമായാണ് ഉദ്യോഗസ്ഥർ എത്തുന്നത്.
ജൂവലറി ഉടമകളുടെ വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ മാനസികമായി തകർക്കുന്ന തരത്തിൽ പൂജാമുറിയിലും അടുക്കളയിലും ടോയ്‌ലെറ്റിലുമടക്കം പരിശോധന നടത്തുകയാണ്. ജൂവലറി ഉടമകളുടെ ഇടപാടുകൾ ബാങ്കുകളിലെത്തി പരിശോധിക്കുന്നതിന് പുറമേ ജൂവലറികൾക്ക് ബില്ലിംഗ് സോഫ്ട്‌വെയർ തയ്യാറാക്കി നൽകിയവരെയും പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ട്.
നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നു
ജൂവലറികളുടെയും ഉടമകളുടെയും പ്രതിഛായ തകർക്കുന്ന തരത്തിലാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പരിശോധന. വൻ റെയ്ഡെന്ന പ്രതീതി സൃഷ്ടിച്ച് മാന്യമായി ബിസിനസ് നടത്തുന്ന സ്വർണവ്യാപാരികളെ പൊതുജനങ്ങൾക്കിടയിൽ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണ്. ജൂവലറിക്ക് പുറമേ ഉടമയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഉദ്യോഗസ്ഥ സംഘം ഒരേസമയം എത്തിയാണ് പരിശോധന. ജില്ലയിലെ വിവിധ ജൂവലറികളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താതിരുന്നിട്ടും ഉപദ്രവം തുടരുകയാണ്.
ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണ വ്യാപാര ശൃംഖലയെ നികുതിവെട്ടിപ്പ് മേഖലയായി ചിത്രീകരിച്ച് സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
അഡ്വ. എസ്.അബ്ദുൽ നാസർ (സംസ്ഥാന ജനറൽ സെക്രട്ടറി)
ബി.പ്രേമാനന്ദ് (വർക്കിംഗ് ജനറൽ സെക്രട്ടറി)
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |