കല്ലമ്പലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലം മേഖലയിൽ തുടർച്ചയായി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ചാത്തമ്പാറയിൽ ഇരുചക്ര വാഹനത്തിൽ ചുറ്റിക്കറങ്ങി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുകയായിരുന്ന ചാത്തമ്പാറ ചപ്പാത്തിമുക്ക് ലക്ഷം വീട്ടിൽ ഷംനാദ്,പുതുശ്ശേരിമുക്ക് വണ്ടിത്തടം കോട്ടുമല വീട്ടിൽ നാസർ എന്നിവരാണ് പിടിയിലായത്.
ഷംനാദ് ഉപയോഗിച്ചിരുന്ന സ്കൂട്ടിയിൽ നിന്ന് കവറിൽ സൂക്ഷിച്ച നിലയിൽ മുപ്പതോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.തുടർന്ന് ഷംനാദിനെയും ഇയാൾ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ കാറിൽ നിന്നാണ് 5 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ഓണ വിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടിൽ നിന്നെത്തിച്ച ഉത്പന്നങ്ങളാണ് പിടികൂടിയത്.
നാസർ പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്ക് സാധനമെത്തിച്ച് കൊടുക്കും.ഇയാളിൽ നിന്ന് പുകയില ഉത്പന്നങ്ങൾ വാങ്ങി കച്ചവടം നടത്തുന്ന സംഘങ്ങളെ പൊലീസ് അടുത്ത സമയത്ത് പിടികൂടിയിരുന്നു.അവരിൽ നിന്നാണ് നാസറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ജില്ലാ റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ്.ഐമാരായ മനു,ബിജുകുമാർ,എ.എസ്.ഐ അനൂപ്,എസ്.സി.പി.ഒമാരായ വിനീഷ്, സുനിൽരാജ്,ഫാറൂഖ്,സുജിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെയും തൊണ്ടിമുതലും വാഹനങ്ങളും ഡാൻസാഫ് സംഘം കല്ലമ്പലം പൊലീസിന് കൈമാറി.വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |