
ചേരാനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി: അന്യന്റെ വീട് സ്വന്തമെന്ന് കാട്ടി പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുക! സിനിമയിലെ തട്ടിപ്പുകഥകളെ വെല്ലുന്ന വിവരങ്ങളാണ് ചേരാനല്ലൂരിൽ നിന്ന് പുറത്തുവരുന്നത്. യഥാർത്ഥ ഉടമ പോലുമറിയാതെ മറ്റൊരാളുടെ ഫ്ലാറ്റ് പണയത്തിന് നൽകി 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എളമക്കര സ്വദേശി അനോഷിനെതിരെയാണ് അന്വേഷണം. ഇടപ്പള്ളി സ്വദേശിയായ 70കാരനും കുടുംബവുമാണ് തട്ടിപ്പിന് ഇരയായത്.
ഇടപ്പള്ളി അമൃതാ നഗർ ഭാഗത്തുള്ള ഫ്ലാറ്റാണ് വിചിത്ര തട്ടിപ്പിന് വേദിയായത്. വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ യഥാർത്ഥ ഉടമസ്ഥൻ അറിയാതെ, തന്റെ സ്വന്തം കെട്ടിടമാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന വ്യാജ കരാറുണ്ടാക്കി കഴിഞ്ഞവർഷം ആദ്യമാസങ്ങളിലായി മൂന്ന് തവണകളായി ഇയാൾ പണം കൈക്കലാക്കി.ചെക്കുകൾ മുഖേനയും നേരിട്ടുമായി 14 ലക്ഷം രൂപ പ്രതി 70കാരനിൽ നിന്ന് വാങ്ങിയെടുത്തു.
എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി ഇരയായ കുടുംബം അറിയുന്നത് മാസങ്ങൾക്ക് ശേഷമാണ്. ഫ്ലാറ്റ് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് യഥാർത്ഥ ഉടമ കെട്ടിടത്തിൽ നോട്ടീസ് പതിച്ചതോടെയാണ് കെണിയിൽപ്പെട്ട കാര്യം തിരിച്ചറിയുന്നത്. കുടുംബത്തോടൊപ്പം ഫ്ലാറ്റിൽ താമസമാക്കിയ വയോധികൻ പ്രതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ചെയ്ത് കടന്നുകളഞ്ഞു. കൈപ്പറ്റിയ പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഇരയായ വ്യക്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.വിശ്വാസവഞ്ചന, തട്ടിപ്പ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഐ.ടി മേഖലയിലെ ഫ്ലാറ്റ് തട്ടിപ്പ്
കഴിഞ്ഞവർഷം തൃക്കാക്കരയിലും കാക്കനാടും സമാനമായ ഫ്ലാറ്റ് തട്ടിപ്പുകൾ നടന്നിരുന്നു. ആഡംബര ഫ്ലാറ്റുകൾ ഉടമകൾ പോലുമറിയാതെ മറ്റുള്ളവർക്ക് ലക്ഷങ്ങൾ വാങ്ങി മറിച്ചു നൽകുകയായിരുന്നു. ഒ.എൽ.എക്സ് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ വ്യാജപരസ്യങ്ങൾ നൽകി ആകർഷിച്ചാണ് ഇരകളെ വലയിലാക്കിയത്. മിന്റു, ആശ തുടങ്ങിയ പ്രധാന പ്രതികൾ ഒരു ഫ്ലാറ്റ് തന്നെ ഒരേസമയം ഒന്നിലധികം പേർക്കുവരെ ലീസിന് നൽകികോടികൾ തട്ടിയെടുത്തു. റിട്ടയർമെന്റ് ഫണ്ടും ജീവിത സമ്പാദ്യവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇതോടെ തെരുവിലായി. പൊലീസ് അന്വേഷണത്തിൽ കേവലമൊരു സാമ്പത്തിക തട്ടിപ്പിനപ്പുറം ബിസിനസ് രംഗത്തെ കുടിപ്പകയും മാഫിയ ബന്ധങ്ങളും ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |