ചെറുവത്തൂർ: കാസർകോട് - കണ്ണൂർ അതിർത്തിയിലെ കാലിക്കടവ് ദേശീയപാതയുടെ സർവ്വീസ് റോഡിൽ വൻ മയക്കുമരുന്നു വേട്ട. സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 139.29 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം പെരുമ്പാവൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായി. ജില്ലാ പൊലീസ് ചീഫിന്റെ ഡാൻസാഫ് സ്‌ക്വാഡും ചന്തേര എസ്.ഐ മനു പി. ചെറിയാനും സംഘവും ചേർന്നാണ് ലഹരി വേട്ട നടത്തിയത്.
എറണാകുളം പെരുമ്പാവൂർ അറക്കപ്പാടി പുളിയന്തോട്ടം വെസ്റ്റ് വെങ്ങോല സ്വദേശി പി.എ അബ്ദുൽ സലാം(27), അറക്കപ്പാടി പൂമാല കരുവിള്ളി ഹൗസിൽ കെ.എച്ച് മുഹമ്മദ് ഹുസൈൻ (28), അറക്കപ്പാടി പൂമാല പുത്തൻപുരയ്ക്കൽ പുരപ്പുറത്ത് പി.എ അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ഏഴരയോടെ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
എറണാകുളത്തു നിന്നും കാസർകോട് അതിർത്തി പ്രദേശങ്ങളിലേക്ക് മയക്കുമരുന്ന് വിൽപ്പനയ്ക്കായി വരികയായിരുന്നു സംഘം. എസ്.പിയുടെ ഡാൻസാഫ് സംഘത്തിലെ സനീഷ്, ജ്യോതിഷ്, ലയേഷ്, രാഹുൽ എന്നിവർ അതിരാവിലെ എത്തി കാർ തടഞ്ഞ് വളഞ്ഞുവച്ചു. വിവരം ലഭിച്ച ചന്തേര പൊലീസ് ഇൻസ്‌പെക്ടർ എം.വി ഷീജുവിന്റെ നിർദേശപ്രകാരം എസ്.ഐ മനു പി. ചെറിയാൻ, എ.എസ്.ഐമാരായ സുരേഷ്, ഹരീഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, പ്രഭേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പ്രതികളെയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചീമേനി ഇൻസ്‌പെക്ടർ എം.ഇ രാജഗോപാലനും കാലിക്കടവിൽ എത്തി നടപടി സ്വീകരിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
7 ലക്ഷം രൂപ
കാലിക്കടവിൽ ഓത്തുകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിനടുത്ത് വെച്ചാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള മയക്കുമരുന്ന് വേട്ട പൊലീസ് നടത്തിയത്. മൂന്ന് പ്രതികളുടെയും കൈവശം പാക്കറ്റുകളിൽ ആക്കിയും കാറിന്റെ ഡാഷ് ബോഡിന്റെ മുകളിലായുമാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. എറണാകുളത്തെ പ്രൊഫഷണൽ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് കാസർകോട്ടെ ഏജന്റുമാർക്ക് വിതരണം ചെയ്യാൻ 7 ലക്ഷം രൂപ വില മതിക്കുന്ന എം.ഡി.എം.എ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |