
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുണ്ടായാൽ സി.ബി.ഐ, ഐ.ബി, ഇ.ഡി, പൊലീസ് തുടങ്ങിയ ഏജൻസികളെ ഏകോപിപ്പിക്കാനടക്കം ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്‌സ് ജനറൽ മാനേജർ, ടെസ്റ്റ് സെന്റർ നെറ്റ്‌വർക്ക് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ, ഇൻഫർമേഷൻ സെക്യൂരിറ്റി ജനറൽ മാനേജർ (ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ) എന്നിങ്ങനെയാകും നിയമനങ്ങൾ.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളെത്തുടർന്ന് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. ന്യൂഡൽഹിയിലെ ആസ്ഥാനത്താണ് പുതിയ നിയമനങ്ങൾ. ജോലികൾ കരാർ നൽകുന്നതും പരീക്ഷാ ക്രമക്കേടിന് കാരണമാകുന്നുണ്ടെന്ന് വിമർശനമുയർന്നിരുന്നു. ജനറൽ മാനേജർ-വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്‌സ് എന്നീ നിയമനങ്ങൾക്ക് മുൻ സി.ബി.ഐ, ഐ.ബി, ഇ.ഡി, പൊലീസ് ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുക. പേപ്പർ ചോർച്ച, ആൾമാറാട്ടം, വഞ്ചന അടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഉത്തരവിടൽ, അന്വേഷണഏജൻസികളുമായുള്ള ഏകോപനം, സൈബർ ഭീഷണികൾ കണ്ടെത്തൽ തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്വം.
തടസമില്ലാതെ പരീക്ഷാ നടത്തിപ്പ്, സംസ്ഥാന സർക്കാരുകളുമായും വിവിധ ഏജൻസികളുമായുള്ള ഏകോപനം എന്നിവയാണ് ജനറൽ മാനേജർ-ടെസ്റ്റ് സെന്റർ നെറ്റ്‌വർക്ക് ആൻഡ് ഓപ്പറേഷൻസ് നിറവേറ്റേണ്ടത്. എൻ.ടി.എ സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും 24 മണിക്കൂറും സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന്റെ മേൽനോട്ടം വഹിക്കേണ്ടതും ജനറൽ മാനേജർ-ഇൻഫർമേഷൻ സെക്യൂരിറ്റിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |