
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിക്കാൻ ഇനി നാലുദിവസം. ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തുമോ എന്നതിൽ സസ്‌പെൻസ് തുടരുകയാണ്. വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാ സഭയിലെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്ന് ലോക്‌സഭയുടെ അജണ്ടയിൽ തീരുമാനിച്ചിട്ടുള്ള കേരളത്തിന്റെ പേരു മാറ്റ ബിൽ, ദേശീയ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപറേഷൻ ഭേദഗതി ബിൽ എന്നിവ ഷായുടെ പേരിലാണുള്ളത്.
'വന്ദേമാതരം ബില്ല്" അദ്ദേഹത്തിന്റെ പേരിലായിരുന്നെങ്കിലും അവതരിപ്പിച്ചതും ചർച്ചയ്‌ക്ക് മറുപടി പറഞ്ഞതും സഹമന്ത്രി നിത്യാനന്ദ റായിയാണ്.
നാലു ദിവസത്തിനിടെ നിർണായക ബില്ലുകൾ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി. പ്രധാന വിഷയങ്ങൾപരിഗണിക്കാനിടയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും എം.പിമാർ ഇരുസഭകളിലുമെത്തണമെന്ന് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. 'ഇന്ത്യ" മുന്നണി പാർട്ടികൾക്കും കോൺഗ്രസ് നിർദ്ദേശം നൽകി.
ലോക്‌സഭയിൽ ട്രൈബ്യൂണൽ ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവരുടെ നിയമനവും നാഷണൽ ട്രൈബ്യൂണൽസ് കമ്മിഷൻ രൂപീകരണവും വ്യവസ്ഥ ചെയ്യുന്ന ട്രൈബ്യൂണൽസ് പരിഷ്‌കരണ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളും മൈൻസ് ആന്റ് മിനറൽസ് ബിൽ മന്ത്രി കിരൺ റെഡ്ഡിയും അവതരിപ്പിക്കും.
യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ടാക്‌സേഷൻ നിയമ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. ക്രൈസ്‌തവ സംഘടനകളടക്കം എതിർക്കുന്നതിനാൽ എഫ്.സി.ആർ.ഐ ബിൽ ബുധനാഴ്ച അവതരിപ്പിച്ച് പാർലമെന്ററി കമ്മിറ്റിക്ക് വിടുമെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |