
പവൻ വില@1,11,720 രൂപ
കൊച്ചി: സ്വർണ വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ട്രോയ് ഔൺസിന് 4,342 ഡോളറിലെത്തി. അമേരിക്കയിലെ സാമ്പത്തിക മേഖല കടുത്ത മാന്ദ്യം നേരിടുമെന്ന വാർത്തകളുടെ പിന്നാലെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണത്തിൽ സജീവമായാണ് വില ഉയർത്തിയത്. ബ്യൂറോ ഒഫ് ലേബർ സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ കണക്കുകളനുസരിച്ച് ജൂലായിൽ അമേരിക്കയിൽ 23,000 തൊഴിലുകൾ നഷ്‌ടമായി.
ഇതോടെ യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവയിൽ നിന്നും നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും അനുകൂലമായി. ട്രോയ് ഔൺസിന് 4,596 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം 3,940 ഡോളർ വരെ താഴ്ന്നതിനു ശേഷമാണ് വീണ്ടും കരുത്തോടെ മുന്നേറുന്നത്.
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ പവൻ വില 800 രൂപ വർദ്ധിച്ച് 1,11,720 രൂപയായി. നടപ്പുവർഷം ജനുവരി 29ന് പവൻ വില 1,31,160 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സ്വർണം കനത്ത തിരിച്ചടി നേരിട്ടു. ഒരവസരത്തിൽ വില 1,02,760 രൂപ വരെ വില താഴ്ന്നു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയം, ഡോളറിന്റെ ശക്തി, ആഗോള കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ അടിസ്ഥാനമായാകും വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെന്ന് വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |