
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതികളുടെ കാലത്ത് മുന്നൂറോളം തസ്തികകളിൽ അനധികൃത നിയമനം നടത്തിയതായി കണ്ടെത്തി. പ്രതിമാസം 60 ലക്ഷമാണ് ഇവരുടെ ശമ്പള ഇനത്തിൽ ബോർഡിന് അധികച്ചെലവ്. സന്നിധാനം മാസിക എഡിറ്റർ പോലെ ഇല്ലാത്ത ചില തസ്തികകളിലും നിയമനം നടത്തി. ഇതിനെ കൺസൾട്ടന്റാക്കി മാറ്റുകയും ചെയ്തു.
ഡ്യൂട്ടി വ്യവസ്ഥയെന്ന പേരിലാണ് നിലവിലില്ലാത്ത തസ്തികകളിലും നിയമനം നടത്തിയത്. 2024ൽ സ്‌റ്റെനോഗ്രാഫർ കം ടൈപ്പിസ്റ്റെന്ന ഇല്ലാത്ത തസ്തികയിൽ നിയമനം ലഭിച്ചയാളെ കഴിഞ്ഞ ദിവസം ബോർഡ് പുറത്താക്കി. കഴകം, പഞ്ചവാദ്യം, വാച്ചർ തുടങ്ങിയ തസ്തികകളിൽ നിയമനം ലഭിക്കുന്നവർ രണ്ട് മാസത്തിനകം ഭരണസമിതിയെ സ്വാധീനിച്ച് ബോർഡിന്റെ ഓഫീസുകളിലേക്ക് മാറ്റം തരപ്പെടുത്തും. ഡ്രൈവർ, പ്യൂൺ തുടങ്ങിയ തസ്തികകളിലേക്കാണ് മാറ്റം. ഇവർക്ക് പകരം ക്ഷേത്രങ്ങളിലെ ജോലിക്ക് ഡ്യൂട്ടി വ്യവസ്ഥയിൽ വീണ്ടും ആളെ നിയമിക്കും.
ചട്ടങ്ങളിൽ ലംഘനം
താത്കാലിക, ദിവസ വേതന ജീവനക്കാരെ നിയമിക്കണമെങ്കിലും പത്രപരസ്യം നൽകി ഇന്റർവ്യൂ നടത്തണമെന്നാണ് ചട്ടം. അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കണം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ട തസ്തികകളിലും നിയമനം നടത്തി. ഇതു ചോദ്യം ചെയ്ത് റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് കത്തു നൽകി. ഇതു താത്കാലിക നിയമനങ്ങളാക്കി, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
ഈ ബോർഡ് വന്ന ശേഷം ഡ്യൂട്ടി വ്യവസ്ഥ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. താത്കാലിക നിയമനവുമില്ല. ഓവർസീയർ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടത്തും
-കെ.ജയകുമാർ
തിരു.ദേവസ്വം
ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |