
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കർഷകനെ കടുവ കൊന്നുഭക്ഷിച്ചു. ഓവേലി ലാറസ്റ്റൻ നാലാം നമ്പറിൽ താമസിക്കുന്ന ബാലകൃഷ്ണൻ മരുതനാണ് (61) കൊല്ലപ്പെട്ടത്. പൈപ്പിൽ വെള്ളം വരാത്തതിനെത്തുടർന്ന് നോക്കാനായി ശനിയാഴ്ച വൈകിട്ട് ഏഴോടെ പുറത്തിറങ്ങിയതാണ് ബാലകൃഷ്ണൻ. വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബവും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ താമസസ്ഥലത്തുനിന്ന് 500 മീറ്റർ അകലെ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനംവകുപ്പും പൊലീസും ചേർന്ന് മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. കുടുംബാംഗങ്ങളെ കാണിക്കാതെ മൃതദേഹം മാറ്റിയതിനും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകി. ഭാര്യ:പുഷ്പ വള്ളി. മക്കൾ: കാർത്തിക്, രാമകൃഷ്ണൻ,ഗണേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |