SignIn
Kerala Kaumudi Online
Friday, 07 August 2026 8.20 PM IST

ഇഎംഐ മുടങ്ങിയാൽ സ്മാർട്ട് ഫോൺ ലോക്ക് ചെയ്യുമോ? പുതിയ മാർഗനിർദേശങ്ങളുമായി ആർബിഐ

rbi
പ്രതീകാത്മക ചിത്രം

മുംബയ്: സ്മാർട്ട് ഫോണിന്റെ ഇഎംഐ മുടങ്ങിയാല്‍ വായ്പ നല്‍കിയ സ്ഥാപനത്തിന് ഉടമയുടെ അനുവാദമില്ലാതെ ഫോൺ ലോക്ക് ചെയ്യാനാകുമോ? ഇതുസംബന്ധിച്ച് ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).

സ്മാര്‍ട്ട്ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ എപ്പോള്‍ ലോക്ക് ചെയ്യാന്‍ കഴിയും, ലോക്ക് ചെയ്തതിന് ശേഷം ഏതൊക്കെ സേവനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങളാണ് ആർബിഐ പങ്കുവച്ചിരിക്കുന്നത്. വായ്പയെടുത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഈ പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഇതുപ്രകാരം വായ്പാ ദാതാവിന് ഉപയോക്താവിന്റെ എല്ലാ ഡിവൈസുകളും ലോക്ക് ചെയ്യാന്‍ സാധിക്കില്ല. ഏത് ഡിവൈസാണോ വായ്പയിലൂടെ വാങ്ങിയത് അതുമാത്രമെ ലോക്ക് ചെയ്യാനാകൂ. മാത്രമല്ല ഇഎംഐ മുടങ്ങിയ ഉടൻ ഉപകരണം റിമോട്ട് ആയി നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും 30 ദിവസമെങ്കിലും കുടിശ്ശികയായാല്‍ മാത്രമേ അതിന് അനുമതിയുള്ളൂവെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. വായ്പ 60 ദിവസത്തോളം കുടിശ്ശികയായാല്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.

എന്നാൽ ഡിവൈസ് ലോക്ക് ചെയ്താലും ആവശ്യസേവനങ്ങള്‍ പൂർണമായി ലോക്ക് ചെയ്യാൻ വായ്പാ ദാതാവിന് കഴിയില്ല. ഉദാഹരണമായി ഇന്‍കമിംഗ് ഫോണ്‍ കോളുകള്‍, എസ്എംഎസ്, എസ്ഒഎസ് ഫംഗ്ഷനുകൾ തുടങ്ങിയവ നിർബന്ധമായും നൽകണം. മാത്രമല്ല വായ്പയെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഒരുകാരണവശാലും വായ്പ നല്‍കിയവര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ആർബിഐ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണം ഏർപ്പടുത്തുന്നതിന് മുമ്പ് നിർബന്ധമായും വായ്പയെടുത്തവര്‍ക്ക് വിവരം നല്‍കണമെന്നും വ്യക്തമാക്കുന്നു.

ഉപഭോക്താവ് കുടിശ്ശിക തുക അടച്ചുതീർത്താൽ ഒരുമണിക്കൂറിനുള്ളിൽ ഡിവൈസിന്റെ ലോക്ക് മാറ്റേണ്ടതുണ്ട്. ഈ സമയപരിധി കഴിഞ്ഞും ലോക്ക് മാറ്റിയില്ലെങ്കിൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

The Reserve Bank of India (RBI) has issued new guidelines, effective January 1, 2027, for lenders to lock smart devices bought on EMI. Lenders can only lock the specific device after 30 days of default, ensuring essential services remain active. Borrowers must be notified, and locks removed within one hour of repayment, with penalties for delays, protecting consumer rights.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART PHONE EMI LOCK, RBI, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360