SignIn
Kerala Kaumudi Online
Thursday, 06 August 2026 10.19 PM IST

'ജെൻ സി ദേശവിരുദ്ധരല്ല, അവർ നമ്മുടെ സ്വന്തം ആളുകൾ', വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആർഎസ്‌എസ് മേധാവി

READ ENGLISH VERSION
mohan-bhagwat
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

മുംബയ്: നീറ്റ്ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്നത്തെ യുവതലമുറ സമരത്തിനിറങ്ങിയാൽ അവരെ രാജ്യവിരുദ്ധരായി കാണരുതെന്ന് ആർ.എസ്.എസ് മേധാവി പറഞ്ഞു. മുംബയിൽ നടന്ന യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവർ നമ്മുടെ സ്വന്തം ആളുകളും അടുത്ത തലമുറയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.'ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക്: ഭാരതീയ രീതി' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിലാണ് ഭാഗവതിന്റെ പരാമർശം.

ജൂലായ് 20ന് ഡൽഹി ജന്തർമന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. എന്നാൽ പ്രതിഷേധം ജനാധിപത്യപരമായമാർഗമാണെന്ന് വിശേഷിപ്പിച്ച ഭാഗവത്, മറ്റ് വഴികൾ അടയുമ്പോഴാണ് ആളുകൾ പ്രതിഷേധവുമായി മുന്നോട്ടു വരുന്നതെന്നും പറഞ്ഞു.

'ജെൻ സി തലമുറ രാജ്യവിരുദ്ധരല്ല, മറിച്ച് അവർ നമ്മുടെ സ്വന്തം ആളുകളാണ്.അടുത്ത തലമുറയാണ്. അവരുമായി തുറന്ന ചർച്ചകൾ ആവശ്യമാണ്. നമ്മുടെ ആളുകളെന്ന തിരിച്ചറിവ് ഉണ്ടാകണം. ജെൻ സെയും ജെൻ ആൽഫയും നമ്മുടെയൊക്കെ തലമുറയെക്കാൾ സത്യസന്ധരാണ്. ദേശസ്‌നേഹം,​ സേവനം എന്നിവയെ കുറിച്ച് അവർ ആത്മാർത്ഥമായാണ് പ്രതികരിക്കുന്നത്. ചർച്ചയുടെ മറ്റൊരു രൂപമാണ് പ്രതിഷേധം. ഞങ്ങളുടെ ചെറുപ്രായത്തിൽ മുതിർന്നവർ പറയുന്നത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന സ്വഭാവമായിരുന്നു. എന്നാൽ ഇന്നത്തെ ജെൻ സിയും ജെൻ ആൽഫയും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്, അവർക്ക് ഉത്തരങ്ങൾ വേണം. ചോദ്യങ്ങൾക്ക് കൃത്യമായ യുക്തിസഹമായ ഉത്തരങ്ങൾ ആഗ്രഹിക്കുന്നവരാണ് അവർ'.- മോഹൻ ഭാഗവത് പറയുന്നു.

പെല്ലറ്റ് ഗൺ പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും ആർഎസ്എസ് അദ്ധ്യക്ഷൻ വ്യക്തമാക്കി. 2029ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായക വോട്ടുബാങ്കായി മാറാൻ തയ്യാറെടുക്കുന്ന ജെൻ സി തലമുറയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിക്കുന്നതാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.

English Summary

RSS Chief Mohan Bhagwat has expressed support for Gen Z students protesting against the NEET question paper leak, stating that protesting youth should not be labeled as anti-nationals. Speaking at a youth conference in Mumbai, he emphasized that they are part of our next generation and our own people.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN BHAGWAT, LATESTNEWS, RSS CHIEF, GEN Z PROTEST, JANTAR MANTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360