SignIn
Kerala Kaumudi Online
Thursday, 06 August 2026 2.01 PM IST

ഇനി അഞ്ചുദിവസം മാത്രം; ലോകം കാത്തിരുന്ന ആ അത്ഭുതം സംഭവിക്കും, കരുതലോടെ വിദഗ്ധർ

earth
പ്രതീകാത്മകചിത്രം

ഓഗസ്റ്റ് ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് വളരെ പ്രത്യേക നിറഞ്ഞ ഒരുമാസമാണ്. ഓഗസ്റ്റ് 12ന് സംഭവിക്കാൻ പോകുന്ന ആകാശ പ്രതിഭാസമാണ് അതിന് ഒരു പ്രധാന കാരണം. അത് എന്താണെന്നല്ലേ? 1999ന് ശേഷം യൂറോപ്പിൽ ദൃശ്യമാകുന്ന സമ്പൂർണ സൂര്യഗ്രഹണം ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സംഭവിക്കുന്നത്. സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 13നായിരിക്കും. നാല് മണിക്കൂർ, 23മിനിറ്റ്, 42 സെക്കൻഡാണ് ഇത്തവണ ഗ്രഹണം നീണ്ടുനിൽക്കുക.

എന്താണ് പ്രത്യേകത

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് സൂര്യൻ പൂർണമായോ ഭാഗികമായോ മറയ്ക്കപ്പെടുന്നു. ഓരോ വർഷവും രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇതിൽ ഓഗസ്റ്റിലേത് സൂര്യനെ പൂർണമായി മറയ്ക്കപ്പെടുന്നു. അതിനാൽ ഗ്രഹണം പൂർണമായി ദൃശ്യമാകുന്ന പ്രദേശങ്ങളിൽ ഏതാനും മിനിറ്റുകളിൽ പകൽ സമയം പോലും ഇരുട്ട് അനുഭവപ്പെടുന്നു.

solar-eclipse
പ്രതീകാത്മകചിത്രം

സ്‌പെയിനിലെ ചില ഭാഗങ്ങൾ, ഐസ്‌ലൻഡ്, ഗ്രീൻലാൻഡ്, പോർച്ചുഗലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സമ്പൂർണ ഗ്രഹണം ദൃശ്യമാകും. ഈ പ്രദേശങ്ങളിലൂടെയാണ് ടോട്ടാലിറ്റി പാത്ത് ( സമ്പൂർണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്ന പാതയാണ് പാത) കടന്നുപോകുന്നത്. യുകെ ഉൾപ്പടെ യൂറോപ്പിന്റെ ഭൂരിഭാഗം രാജ്യങ്ങളിലും ഭാഗിക സൂര്യഗ്രഹണമാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ വെസ്റ്റ് കൺട്രിയിൽ സൂര്യന്റെ 90 ശതമാനത്തിലേറെ ഭാഗം ചന്ദ്രൻ മറയ്ക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ 1999ന് ശേഷമുള്ള ഏറ്റവും മികച്ച ഗ്രഹമാണ് നടക്കാൻ പോകുന്നത്. 100 വർഷങ്ങൾക്ക് ശേഷം സ്പെയിനിൽ കാണുന്ന സമ്പൂർണ ഗ്രഹണം കൂടിയാണിത്.

solar-eclipse
പ്രതീകാത്മകചിത്രം

ഈ അപൂർവ കാഴ്ച നേരിൽ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളും വാനനിരീക്ഷകരും യൂറോപ്പിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഗ്രഹണം പൂർണമായി കാണാൻ കഴിയുന്ന പ്രദേശത്തെ ഹോട്ടലുകളും പ്രധാന നിരീക്ഷണ കേന്ദ്രങ്ങളും ഇതിനോടകം തന്നെ ബുക്ക് ചെയ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

solar-eclipse
പ്രതീകാത്മകചിത്രം

ഇന്ത്യയിൽ ദൃശ്യമാകുമോ?

നാസയുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 12നാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. എന്നാൽ ഇന്ത്യൻ സമയക്രമമനുസരിച്ച് ഗ്രഹണം ആരംഭിക്കുന്നത് ഓഗസ്റ്റ് 12 രാത്രി വെകിയും അവസാനിക്കുന്നത് ഓഗസ്റ്റ് 13 പുലർച്ചെയുമാണ്. ഇന്ത്യൻ സമയം ഓഗസ്റ്റ് 12 രാത്രി 9:04:15ന് ഭാഗിക ഗ്രഹണം ആരംഭിക്കും. രാത്രി 10:28:09ന് സമ്പൂർണ ഗ്രഹണവും തുടങ്ങും. രാത്രി 11:16ഓടെ ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. ഓഗസ്റ്റ് 13 പുലർച്ചെ 12:04:07ന് സമ്പൂർണഗ്രഹണം അവസാനിക്കും. പുലർച്ചെ 1:27:57ന് ഭാഗിക ഗ്രഹണവും അവസാനിക്കും. അർദ്ധരാത്രി ആയതുകൊണ്ടുതന്നെ സൂര്യഗ്രഹണം ഇന്ത്യയിൽ ഒരിടത്തും ദൃശ്യമാകില്ല.

meteor-shower
പ്രതീകാത്മകചിത്രം

ഗ്രഹണം മാത്രമല്ല, ഉൽക്കാവർഷവും

സൂര്യഗ്രഹണത്തിന് പുറമെ ഓഗസ്റ്റ് 12ന് ഒരു പ്രത്യേകത കൂടിയുണ്ട്. പെർസീഡ് ഉൽക്കാവർഷം അതിന്റെ പാരമ്യത്തിലെത്തുന്നത് അന്നാണ്. 133വർഷം കൂടുമ്പോൾ സൂര്യനെ വലം വയ്ക്കുന്ന വലിയൊരു വാൽനക്ഷത്രമാണ് സ്വിഫ്റ്റ് - ടട്ടിൽ. ഇതിന്റെ അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്. പകൽ സമയത്ത് സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസമെത്തുന്നുവെന്നതും അന്നത്തെ പ്രത്യേകതയാണ്.

solar-eclipse
പ്രതീകാത്മകചിത്രം

എങ്ങനെ കാണാം

സൂര്യഗ്രഹണം കാണാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരിക്കലും നഗ്നനേത്രങ്ങൾ കൊണ്ട് കാണരുത്. കാരണം ഈ സമയത്ത് സൂര്യനെ നഗ്ന നേത്രങ്ങൾകൊണ്ട് നോക്കുന്നത് സുരക്ഷിതമല്ല. സോളാർ ഫിൽറ്ററുകൾ, പിൻഹോൾ, പ്രൊജക്‌ടർ, ക്യാമറ, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് വേണം സൂര്യഗ്രഹണം വീക്ഷിക്കാൻ.

English Summary

Europe is gearing up for a significant total solar eclipse on August 12, marking the first such event for the continent since 1999. Visible in parts of Spain, Iceland, and Greenland, the eclipse will plunge these regions into temporary daytime darkness. Lasting over four hours, it is a century's first for Spain. India will not witness this celestial phenomenon due to its occurrence at night.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUGUST 12 SOLAR ECLIPSE, TOTAL SOLAR ECLIPSE 2026, EUROPE SOLAR ECLIPSE, SOLAR ECLIPSE AUGUST 2026, PERSEID METEOR SHOWER 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360