കണ്ണൂർ: പൊലീസിന്റെ കണ്ണുവെട്ടിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ സ്വന്തം തട്ടകമായ കണ്ണൂരിൽ തന്നെ പൊലീസ് വലയിലായി. ജില്ലയിൽ നിന്ന് പുറത്തേക്ക് കടന്നും വിവിധയിടങ്ങളിൽ ഒളിത്താവളങ്ങൾ മാറ്റിയും പൊലീസിനെ വെല്ലുവിളിച്ച ആയങ്കി, വീണ്ടും കണ്ണൂർ നഗരത്തിലെത്തിയപ്പോഴാണ് വലയിൽ വീണത്. താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു പൊലീസ് നടപടി.
തളിപ്പറമ്പിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് പയ്യന്നൂർ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ പോയ ആയങ്കി സുഹൃത്തിനെ വിളിക്കാൻ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഈ ഫോൺവിളിയെ തുടർന്ന് സുഹൃത്ത് ജിതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ആയങ്കി കണ്ണൂർ നഗരത്തിലുണ്ടെന്ന സംശയം ബലപ്പെടുത്തി. തുടർന്ന് നഗരത്തിലെ അപ്പാർട്ട്‌മെന്റിലേക്ക് പൊലീസ് എത്തുകയായിരുന്നു. കണ്ണൂർ നഗരത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തുന്നതിൽ വിവിധ സംഘങ്ങളുടെ ഏകോപിത നീക്കമാണ് നിർണായകമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അഴീക്കോട് കപ്പക്കടവ് സ്വദേശിയായ ആയങ്കി ഒരുകാലത്ത് കണ്ണൂരിലെ രാഷ്ട്രീയസാമൂഹിക ഇടങ്ങളിലൂടെയാണ് പൊതുശ്രദ്ധ നേടിയത്. പിന്നീട് സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധങ്ങളിലേക്കും ക്രിമിനൽ കേസുകളിലേക്കും നീങ്ങിയതോടെ കണ്ണൂർ പൊലീസിന്റെ നിരീക്ഷണത്തിലെ പ്രധാന പേരുകളിലൊന്നായി മാറുകയായിരുന്നു.
വളപട്ടണത്ത് മാത്രം 12 കേസുകൾ
ജില്ലയിൽ ആയങ്കിയുടെ ക്രിമിനൽ ബന്ധത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വളപട്ടണം പൊലീസ് സ്റ്റേഷനിലെ കേസുകളുടെ എണ്ണം. നിലവിൽ വളപട്ടണം സ്റ്റേഷനിൽ മാത്രം ആയങ്കിക്കെതിരെ 12 കേസുകളുണ്ടെന്നാണ് പൊലീസ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയർന്നതായും പൊലീസ് വ്യക്തമാക്കുന്നു. വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
വീണ്ടും കാപ്പ ചുമത്തിയേക്കും
ആയങ്കിക്കെതിരായ കാപ്പ നീക്കം കണ്ണൂർ പൊലീസിന് പുതിയ കാര്യമല്ല. 2022ൽ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുടെയും മറ്റ് കേസുകളുടെയും പശ്ചാത്തലത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നടപടിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആറുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തൽ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ആയങ്കി കാപ്പ അഡ്വൈസറി ബോർഡിനെ സമീപിച്ചതോടെ 2022 ജൂലായിൽ ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു. സ്വർണക്കടത്ത് കസ്റ്റംസിന്റെ പരിധിയിൽ വരുന്ന കുറ്റമായതിനാൽ അതിന്റെ മാത്രം അടിസ്ഥാനത്തിൽ കാപ്പ പ്രയോഗിക്കാനാവില്ലെന്നായിരുന്നു ബോർഡിന്റെ നിരീക്ഷണം.
ഇപ്പോൾ സാഹചര്യങ്ങൾ മാറിയ പശ്ചാത്തലത്തിലാണ് കാപ്പ നടപടിയിലേക്ക് പൊലീസ് വീണ്ടും നീങ്ങുന്നത്. നിലവിലുള്ള കേസുകളും കണ്ണൂരിലെ പഴയ കേസുകളും പുതിയ കേസുകളും ഉൾപ്പെടുത്തി ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് പൊലീസ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |