തിരുവനന്തപുരം: യുവ എസ്.ഐമാർ 419 സ്റ്റേഷനുകളുടെ ചുമതലയിലേക്കെത്തുന്നതോടെ പൊലീസിന്റെ വീര്യവും ഉശിരും കൂടും. എസ്.എച്ച്.ഒയായി ഇൻസ്പെക്ടർ വന്നപ്പോൾ എസ്.ഐമാർ ചിറക് അരിഞ്ഞ അവസ്ഥയിലായിരുന്നു. ക്രിമിനലുകളെയും ഗുണ്ടാസംഘങ്ങളെയും അമർച്ച ചെയ്ത് ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കാനും സേനയെ കൂടുതൽ പ്രൊഫഷണലാക്കാനും വേണ്ടിയാണ് സ്വാതന്ത്ര്യദിനം മുതൽ എസ്.ഐമാരെ സ്റ്റേഷൻഭരണം തിരിച്ചേൽപ്പിക്കുന്നത്.
കേസുകളുടെ ആധിക്യം അനുസരിച്ച് രണ്ടോ അതിലധികമോ എസ്.ഐമാരും അര ഡസനോളം ഗ്രേഡ് എസ്.ഐമാരും സ്റ്റേഷനുകളിലുണ്ടാവും. സീനിയറായ പ്രിൻസിപ്പൽ എസ്.ഐയായിരിക്കും എസ്.എച്ച്.ഒ. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ചതിനാൽ ക്രൈം, ലാ ആൻഡ് ഓർഡർ എസ്.ഐമാരുണ്ടാവും. മൊത്തംചുമതല എസ്.എച്ച്.ഒയ്ക്കായിരിക്കും.
കേസന്വേഷണം, പ്രതികളെ പിടികൂടൽ, ലഹരിവേട്ട, ക്രിമിനലുകളെ നേരിടൽ, സൈബർ അന്വേഷണം, പ്രതിഷേധങ്ങളും സമരങ്ങളും നേരിടൽ, സ്റ്റേഷൻ ഭരണം എന്നിവയിൽ എസ്.ഐമാർക്ക് പരിശീലനം നൽകി. ജനങ്ങളോട് മാന്യമായി പെരുമാറാനും സ്റ്റേഷനിലെത്തുന്നവർക്ക് നീതി ഉറപ്പാക്കാനുമുള്ള പരിശീലനവും നൽകി. വ്യക്തിത്വവികസനത്തിന് തുടർ പരിശീലനവുമുണ്ടാകും.
ഒരു ഇൻസ്പെക്ടർക്ക് മൂന്നുവരെ സ്റ്റേഷനുകളുടെ മേൽനോട്ടം ഉണ്ടാകും. ഇവർക്കും ഒരാഴ്ചത്തെ പരിശീലനം നൽകി. തുടർച്ചയായി സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതടക്കം ഇൻസ്പെക്ടർമാരുടെ ചുമതലയാണ്. ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടം ഡിവൈ.എസ്.പിക്കാണ്. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാരുടെ മിന്നൽ പരിശോധനയും ഇടയ്ക്കിടെയുണ്ടാവും.
ജനങ്ങളോട് മൃദുഭാവം, ക്രിമിനലുകളോട് കടുപ്പം
1. ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ക്രിമിനലുകൾക്കെതിരായ നടപടികൾ കടുപ്പിക്കണമെന്നും എസ്.ഐമാർക്ക് നിർദ്ദേശമുണ്ട്. കസ്റ്റഡി മർദ്ദനം അനുവദിക്കില്ല. മൂന്നാംമുറ പാടില്ല
2. അന്വേഷണത്തിന് പ്രാകൃതരീതികൾ വേണ്ട. നിജസ്ഥിതി കണക്കിലെടുത്തുള്ള ശാസ്ത്രീയ അന്വേഷണമായിരിക്കണം. ബാഹ്യസമ്മർദ്ദത്തിന് വഴങ്ങരുത്. മൂല്യച്യുതി പാടില്ല.
3.സ്റ്റേഷനുകളിൽ ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ കൃത്യമാക്കും. ഗുണ്ടാനിയമം ചുമത്താൻ അനിവാര്യമായ 7 വർഷത്തെ കേസ് ചരിത്രവും ശേഖരിക്കും.
4.ഈരേഖകൾ കൃത്യമല്ലാത്തതിനാൽ ഗുണ്ടകൾ കരുതൽ തടങ്കൽ, നാടുകടത്തൽ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുക പതിവായിരുന്നു. നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
പൊലീസ് കൂടുതൽ ഊർജ്ജസ്വലവും കാര്യക്ഷമവുമാകും. ജനങ്ങളോടുള്ള പെരുമാറ്റവും മികച്ചതാവും.
-പി.വിജയൻ,
അഡി. ഡി.ജി.പി,
ക്രമസമാധാനം
63
സ്റ്റേഷനുകളുടെ ചുമതല
വനിതാ എസ്.ഐമാർക്ക്
64
സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ
എസ്.എച്ച്.ഒമാരായി തുടരും
200
പൊലീസ് സർക്കിളുകൾ
സ്റ്റേഷൻ മേൽനോട്ടത്തിന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |