SignIn
Kerala Kaumudi Online
Monday, 10 August 2026 3.48 AM IST

വാഹനങ്ങൾ മാറിമാറി, ടവർ ലൊക്കേഷൻ തെറ്റിച്ച് വഴുതി

range

കണ്ണൂർ: വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തും ടവർ ലൊക്കേഷനുകൾ തെറ്റിച്ചും പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു അർജുൻ ആയങ്കി.

കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ആഗസ്റ്റ് മൂന്നിന് ഹൈക്കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. അഞ്ചിന് 'കുറ്റബോധവുമില്ല, കീഴടങ്ങലുമില്ല" എന്ന ഫേസ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റും ഇട്ടു. 6ന് കോതമംഗലം സി.ഐയ്ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നു. കീഴടങ്ങാനായിരുന്നു ആദ്യം പദ്ധതിയെന്നും, 'ഇനി നീ പിടിക്കാമെങ്കിൽ പിടിക്കൂ" എന്ന വെല്ലുവിളിച്ചു. അന്നു തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അവഹേളിച്ചും പോസ്റ്റ് വന്നു. നടപടിയെടുത്താൽ മന്ത്രിക്ക് നേരിട്ടെത്തി പൊന്നാട അണിയിക്കുമെന്ന് പരിഹസിച്ചു.

അഞ്ചിന് എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ച അർജുൻ, കണ്ണൂർ അഴീക്കോട് വഴി തളിപ്പറമ്പ്, മട്ടന്നൂർ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങി. മട്ടന്നൂരിൽ സുഹൃത്തിനെ കാണാനെത്തിയ വിവരം കിട്ടിയതോടെ ആ സുഹൃത്തിനെ പൊലീസ് കരുതൽ തടങ്കലിലാക്കി.


എട്ടിന് തൃശൂർ പാലിയേക്കര ടോൾ പ്ലാസ വഴി കാറിൽ കടന്നുപോകുന്ന അർജുന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എടപ്പാളിലെ ആയുർ ഗ്രീൻ റീഹാബിലിറ്റേഷൻ സെന്ററിലെ കഫേയിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കുന്ന സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസിനെതിരെ വിമർശനം ശക്തമായി. ഒപ്പമുണ്ടായിരുന്ന നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും കിട്ടിയില്ല.
ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്തുക്കളെ എടപ്പാളിൽ അറസ്റ്റ് ചെയ്തു. അർജുൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ണൂർ പനങ്കാവിൽ കണ്ടെത്തി. പ്രതി കണ്ണൂരിൽ തന്നെയുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.

തളിപ്പറമ്പിലെ ബാർ ഹോട്ടലിലാണ് അർജുൻ തങ്ങിയത്. പൊലീസ് ഒളിത്താവളം കണ്ടെത്തിയെന്ന സൂചന കിട്ടിയതോടെ, ശനിയാഴ്ച ഉച്ചയ്ക്ക് ഓട്ടോയിൽ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചു. തന്റെ ഫോണിൽ സുഹൃത്തിനെ വിളിച്ചതും അറിയിച്ചു. പൊലീസ് സുഹൃത്തായ ജിതിനെ പിടികൂടി.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റോഡുകളിലെയും കവലകളിലെയും സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് നിരത്തി. വനിതാ അഭിഭാഷകയുടെ ഫ്ളാറ്റിലേക്കാണ് പോയതെന്ന് ജിതിൻ വെളിപ്പെടുത്തി.

അറസ്റ്റ് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA