SignIn
Kerala Kaumudi Online
Saturday, 08 August 2026 5.13 AM IST

തോരാമഴയ്ക്കിടെ വീട് ജപ്തി, കുടുംബം വരാന്തയിൽ

japthi-dasan-family

വടക്കാഞ്ചേരി: സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനം പട്ടികജാതി കുടുംബത്തെ തോരാമഴയിൽ ഇറക്കിവിട്ട് വീട് ജപ്തിചെയ്തെന്ന് പരാതി. സ്ട്രോക്ക് വന്ന ഗൃഹനാഥനുൾപ്പെടെ കഴിയുന്നത് വീടിന്റെ വരാന്തയിലാണ്.

മുണ്ടത്തിക്കോട് ഗാന്ധിനഗറിൽ കുന്നത്തുള്ളി ദാസന്റെ (54) കുടുംബത്തെയാണ് കോടതി ഉത്തരവിന്റെ ബലത്തിൽ പൊലീസുമായെത്തി വീട്ടിൽ നിന്നിറക്കിയത്. അവശ്യസാധനങ്ങളും മരുന്നും വസ്ത്രങ്ങളും പോലും എടുക്കാൻ അനവദിച്ചില്ല. 2022ലാണ് ദാസൻ മകളുടെ വിവാഹത്തിനായി വീടും സ്ഥലവും പണയപ്പെടുത്തി ഏഴര ലക്ഷം രൂപ വായ്പയെടുത്തത്. മൂന്നുവർഷം കൃത്യമായി അടച്ചു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ദാസൻ ഇതിനിടെ സ്‌ട്രോക്ക് വന്ന് കിടപ്പിലായി. ഭാര്യ അജിത (48) വീട്ടുജോലി ചെയ്തുകിട്ടുന്ന വരുമാനം നിത്യവൃത്തിക്കുപോലും തികയാതായതോടെ തിരിച്ചടവ് മുടങ്ങി.

കോടതിയിൽ നിന്ന് അനുകൂല ഉത്തരവു നേടിയ കമ്പനി രണ്ടുതവണ ജപ്തിക്കെത്തിയെങ്കിലും നാട്ടുകാർ എതിർത്തു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം ഏഴുലക്ഷം രൂപ ഒടുക്കാൻ വീട്ടുകാർ തയ്യാറായെങ്കിലും കമ്പനി 15 ലക്ഷം ആവശ്യപ്പെട്ടു. ഇത്രയും തുകയില്ലെന്നു പറഞ്ഞതോടെ കഴിഞ്ഞ ദിവസം ഇറക്കിവിടുകയായിരുന്നു.

രണ്ട് പെൺമക്കളും മകനുമടങ്ങുന്നതാണ് ദാസന്റെ കുടുംബം. നീതി ലഭിക്കുംവരെ വരാന്തയിൽ തുടരുമെന്ന് കുടുംബം പറഞ്ഞു. കമ്പനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത്‌കുമാർ, നഗരസഭ കൗൺസിലർ രമണി പ്രേമദാസൻ എന്നിവർ അറിയിച്ചു.

അതേസമയം, മന്ത്രി ഒ.ജെ.ജനീഷ് കളക്ടർ ശിഖ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചു. തലപ്പിള്ളി തഹസിൽദാർ സന്തോഷിന്റെ നിർദ്ദേശപ്രകാരം മുണ്ടത്തിക്കോട് വില്ലേജ് ഓഫീസർ ജപ്തി നടന്ന വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയാണ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA