SignIn
Kerala Kaumudi Online
Friday, 07 August 2026 4.31 PM IST

'വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള നീക്കം പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി'

READ ENGLISH VERSION
pinarayi
പിണറായി വിജയൻ (photo credit: Facebook )

തിരുവനന്തപുരം: കിടപ്പു രോഗികൾക്കൊഴികെ സാമൂഹ്യ പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിന് മാതൃകയായ പെൻഷൻ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.

കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.

തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5% ആളുകൾക്ക് മാത്രവും. 86% പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.

ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.

English Summary

Opposition leader Pinarayi Vijayan has opposed the government’s move to stop doorstep delivery of social security pensions, except for bedridden beneficiaries. He criticized the decision, which would require other pensioners to receive their payments through alternative methods.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL PENSION KERALA, PINARAYI VIJAYAN, KERALA GOVERNMENT PENSION, PENSION DISTRIBUTION ISSUE, SAMUHYA PENSION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA