
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചതിന് മലയാളി അടക്കം 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. ബുധനാഴ്ച തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട കോഴിക്കോട് വെള്ളയിൽ സ്വദേശി റോഹൻ (35) ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റെല്ലാവരും തമിഴ്‌നാട്ടുകാരാണ്.
സാങ്കേതിക തകരാർ മൂലം ഇവരുടെ ബോട്ട് കേടാവുകയും ശക്തമായ കാറ്റിൽ ദിശമാറി ശ്രീലങ്കൻ സമുദ്രാതിർത്തി കടന്ന് നെടുന്തീവ് ദ്വീപിന് അടുത്തേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ഇവരുടെ ബോട്ടിന് രജിസ്ട്രേഷനുണ്ടായിരുന്നില്ലെന്ന് പ്രാദേശിക ഫിഷറീസ് അധികൃതർ പറയുന്നു.
വ്യാഴാഴ്ച ശ്രീലങ്കൻ നേവിയുടെ കസ്റ്റഡിയിലായ മത്സ്യത്തൊഴിലാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളികളെ നയതന്ത്ര ഇടപെടലിലൂടെ ഉടൻ തിരിച്ചെത്തിക്കണമെന്ന് കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി.
അതേ സമയം, സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക നിരന്തരം അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ മാസം 22ന് തമിഴ്നാട് സ്വദേശികളായ 9 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |