
തിരുവനന്തപുരം : നാളെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം , എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 62 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ്ജി ല്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, കാസർകോട്, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ , ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കാസർകോട്ട് പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ അവധിയായിരിക്കും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട് ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിറുത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ജില്ലയിലെ മലയോര തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
The Central Meteorological Department has issued an alert for extremely heavy rain in Kerala tomorrow. Seven districts are under an Orange Alert, while others have a Yellow Alert. Rain is expected until Tuesday, with strong winds along the coast. Consequently, educational institutions in Thrissur, Wayanad, Kasaragod, and Kozhikode districts will remain closed tomorrow.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |