
തിരുവനന്തപുരം/കണ്ണൂർ: സി.പി.എം നേതാക്കൾ കൈവിട്ടെങ്കിലും അണികളിൽ വലിയൊരു വിഭാഗത്തിന്റെയും പിൻബലത്തിലാണ് അർജുൻ ആയങ്കി പൊലീസിനെയും പിന്നാലെ ആഭ്യന്തര മന്ത്രിയെയും പോലും വെല്ലുവിളിക്കാനുള്ള ധൈര്യം കാട്ടിയത്.
കോതമംഗലത്തെ റിസോർട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം ഇൻസ്പെക്ടർ ഇയാളെയും കൂട്ടുകാരെയും അറസ്റ്റു ചെയ്തത്. ആ ഉദ്യോഗസ്ഥനെതിരെയായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുവഴി ആദ്യ ഭീഷണി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം അനുവദിക്കില്ലെന്ന മട്ടിലായിരുന്നു ഭീഷണി. ഇതിന്റെ പേരിൽ കേസെടുത്തപ്പോൾ ഊന്നുകൽ ഇൻസ്പെക്ടർക്ക് നേരെയും ഭീഷണിയായി.രഹസ്യമായി എല്ലാവിധ സഹായഹസ്തവും നീട്ടി വലിയൊരു വിഭാഗം ഇയാൾക്ക് വേണ്ടി നിലകൊണ്ടപ്പോൾ പൊലീസിനും അത് കടുത്ത വെല്ലുവിളിയായി. കൃത്യമായ ഇടവേളകളിൽ താവളം മാറ്റിക്കൊണ്ടിരുന്ന ആയങ്കിയെ കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നു. ആയങ്കിയുടെ ഉശിരിന് മുന്നിൽ പൊലീസ് എന്തു തന്ത്രം പയറ്റുമെന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിലുമുയർന്നു. പ്രതിപക്ഷ നേതാവ് പിണറായിവിജയനും സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി ജയരാജനും ആയങ്കിയെ തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിലെ മറ്റു പല പ്രമുഖരും നിശബ്ദത പാലിച്ചതും ശ്രദ്ധേയം. ഏതായാലും ആറു ദിവസത്തെ അമ്പരപ്പിനൊടുവിൽ അർജുൻ ആയങ്കിയുടെ കൈകളിൽ വിലങ്ങ് വീണപ്പോൾ, നട്ടെല്ലുള്ള പൊലീസും കരളുറപ്പുള്ള ആഭ്യന്തര മന്ത്രിയുമാണ് ഇവിടെയുള്ളതെന്ന് അടിവരയിടുകയായിരുന്നു.
നേരത്തേ കോതമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടറെയും കുടുംബത്തെയും സാമൂഹ്യമാദ്ധ്യമം വഴി അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യാൻ ഊന്നുകൽ പൊലീസ് ശ്രമിച്ചിരുന്നു. ഇതിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിന്റെ വിരോധത്തിൽ ഊന്നുകൽ ഇൻസ്‌പെക്ടറെയും ഇൻസ്റ്റഗ്രാം വഴി ഭീഷണിപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
20 കേസുകളിൽ പ്രതി
കരിപ്പൂർ, തൃശൂർ റെയിൽവേ, മീനാക്ഷിപുരം, കോതമംഗലം, ഊന്നുകൽ, വളപട്ടണം, കണ്ണൂർ ടൗൺ, കോട്ടയം റെയിൽവേ, എറണാകുളം റൂറൽ സൈബർ ക്രൈം എന്നിവിടങ്ങളിലായി മോഷണം, ഗൂഢാലോചന, സർക്കാർ ജീവനക്കാരുടെ കർത്തവ്യനിർവഹണം തടസ്സപ്പെടുത്തൽ, ലഹളയ്ക്ക് പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ആകെ 20 കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.
ജാമ്യം നിഷേധിക്കണമെന്ന്
പൊലീസ് കോടതിയിൽ
1. മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ തുടർച്ചയായി ഭീഷണിപ്പെടുത്തിയ പ്രതി നിയമവ്യവസ്ഥയെ നിസാരവത്കരിച്ച് കൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത.
2. അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ പോയ ചരിത്രം.
3. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത.
4. സമാന കുറ്റകൃത്യങ്ങൾക്ക് മറ്റുള്ളവർക്ക് പ്രചോദനമാകാനുള്ള സാധ്യത.
5. ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരായ പോസ്റ്റുകൾക്ക് ഉപയോഗിച്ച ഫോൺ വിശദമായി പരിശോധിക്കേണ്ടതിനാൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ട ആവശ്യകത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |