
ചേർത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി തങ്കമുത്തുവിനെ (74) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഗാന്ധിനഗറിന് സമീപത്ത് നിന്നാണ് തങ്കമുത്തുവിനെ പിടികൂടിയത്. ചേർത്തല നഗരസഭ 14ാം വാർഡിൽ, കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനിൽ സി.ഉണ്ണികൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം.
രണ്ട് പവന്റെ ആഭരണങ്ങളും ആറായിരം രൂപയും 2000 രൂപയുടെ വിദേശ കറൻസിയും ഒരു മൊബൈൽ ഫോണും മിക്സിയുമാണ് മോഷ്ടിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ കപ്പേളവെളി കെ.ജെ.ജോസഫിന്റെ (ബോബൻ) സ്വർണവും പണവും മറ്റുമാണ് നഷ്ടമായത്. വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയിരുന്ന ജോസഫും കുടുംബവും മൂന്നിന് പുലർച്ചെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന് സമീപം മുതൽ ചേർത്തല കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് വരെയുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് 2ന് പുലർച്ചെ തങ്കമുത്തു നടന്നുപോകുന്ന ദൃശ്യങ്ങൾ കണ്ടത്. രാവിലെ നാലരയോടെ ചേർത്തലയിൽ നിന്നുള്ള എറണാകുളം ബസിൽ കയറിയ ഇയാൾ വൈറ്റിലയിൽ ഇറങ്ങി. ബസിന്റെ കണ്ടക്ടർ ഇയാളുടെ ദൃശ്യങ്ങളും തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി 200ൽപ്പരം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മോഷണക്കേസിൽ ആന്ധ്രാപ്രദേശ് റെനിഗുണ്ടയിൽ ജയിലായിരുന്ന തങ്കമുത്തു, ജനുവരിയിലാണ് പുറത്തിറങ്ങിയത്. തമിഴ്നാട്ടിലെ മൂന്ന് സ്റ്റേഷനിൽ ഇയാൾക്കെതിരെ വാറണ്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചേർത്തല സ്റ്റേഷൻ ഓഫീസർ ഹേമന്ത്കുമാറിന്റെ നിർദ്ദേശാനുസരണം, എസ്.ഐ. അതുൽരാജിന്റെ നേതൃത്വത്തിൽ, ഗ്രേഡ് സി.പി.ഒ.മാരായ സതീഷ്, ശ്രീക്കുട്ടൻ, സി.പി.ഒ.മാരായ മനു, സനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തങ്കമുത്തുവിനെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |