
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ വിറപ്പിച്ച് ശക്തമായ ഭൂകമ്പം. 111 പേർക്ക് ദാരുണാന്ത്യം. 87 പേർക്ക് പരിക്കേറ്റു. മരണനിരക്ക് ഉയർന്നേക്കും. പ്രാദേശിക സമയം, ഇന്നലെ രാവിലെ 7.34നാണ് (ഇന്ത്യൻ സമയം വൈകിട്ട് 6.04) റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്.
നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ഡെൽ പാൽമറിന് കിഴക്ക് 5 കിലോമീറ്റർ അകലെ 107 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം.
തലസ്ഥാനമായ ബൊഗോട്ടയിലും അയൽ രാജ്യങ്ങളായ ഇക്വഡോറിലും വെനസ്വേലയിലും പനാമയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബൊഗോട്ട, കാലി തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടി.
ചോക്കോ, റിസാറാൽഡ, കാൽഡസ്, കിന്റിയോ, വാലെ ഡെൽ കോക്ക പ്രവിശ്യകളിലായി ആറ് വിമാനത്താവളങ്ങൾ അടച്ചു. ഇവിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിസാറാൽഡയിലെ പെരേരയിലാണ് കൂടുതൽ നാശനഷ്ടം.
സുനാമി ഭീഷണിയില്ല. വെള്ളിയാഴ്ചയാണ് തീവ്ര വലതുപക്ഷ നേതാവ് അബെലാർഡോ ഡീ ലാ എസ്‌പ്രിയേല്ല കൊളംബിയയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്. രക്ഷാപ്രവർത്തനങ്ങളുടെ ചുമതല നേരിട്ട് ഏറ്റെടുത്ത എസ്‌പ്രിയേല്ല, ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചു. കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |