ബംഗളൂരു: ഇംഗ്ളീഷ് പഠിക്കാനായി ബംഗളൂരുവിലെത്തി 19 ദിവസം ജയിലിൽ കഴിഞ്ഞ ജാപ്പനീസ് വിദ്യാർത്ഥിയായ ഹിരോതോഷി തനാകയ്ക്ക് പറയാനുള്ളത് ഏഴുവർഷം ഇന്ത്യയിൽ അനുഭവിച്ച ദുരനുഭവങ്ങളാണ്. ഇംഗ്ളീഷ് പഠിക്കുക, ഇന്ത്യയിലെ ജീവിതം അനുഭവിക്കുക, ജപ്പാനിലെ ഷിസോകയിലുള്ള മാതാപിതാക്കളുടെ അടുക്കലേയ്ക്ക് മടങ്ങുക എന്നിങ്ങനെയുള്ള പദ്ധതികളോടെയാണ് തനാക ബംഗളൂരുവിലെത്തിയത്. എന്നാൽ ഒടുവിൽ എത്തിപ്പെട്ടത് ജയിലിലും തുടർന്ന് ഏഴുവർഷത്തെ നിയമപോരാട്ടത്തിലുമായിരുന്നു.
സൈക്കോളജിയിൽ ബിരുദധാരിയായ 36കാരൻ തനാക 2019ലാണ് ഇംഗ്ളീഷ് പഠിക്കണമെന്ന മോഹവുമായി ബംഗളൂരുവിലെത്തിയത്. തുടർന്ന് ഒരു സ്വകാര്യ ഇംഗ്ളീഷ് അക്കാഡമിയിൽ ചേർന്നു. എന്നാൽ നിരന്തരം ക്ളാസുകൾ റദ്ദാക്കപ്പെടുന്നതും കൃത്യതയിലാത്ത പഠനരീതികളും തനാകയെ അതൃപ്തനാക്കി. ഇതുസംബന്ധിച്ച് അക്കാഡമി മേധാവിയോട് പരാതിപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പിന്നാലെ തർക്കം രൂക്ഷമാവുകയും വാക്കുതർക്കത്തിനൊടുവിൽ അക്കാഡമി മേധാവിയുടെ തലയിൽ തനാക ഇടിക്കുകയും ചെയ്തു.
തുടർന്ന് നവംബർ 23ന് തനാകയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബംഗളൂരു സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. 19 ദിവസത്തിനുശേഷം ഡിസംബർ 11നാണ് തനാക ജയിൽ മോചിതനായത്. തന്റെ കേസ് എന്താണെന്നുപോലും അന്ന് അറിയില്ലായിരുന്നുവെന്ന് തനാക പങ്കുവച്ചു. പൊലീസ് സ്റ്റേഷനിലോ മജിസ്ട്രേറ്റിന് മുമ്പാകെയോ ഒന്നും വിശദീകരിച്ചില്ല. അഡ്വക്കേറ്റ്, ബെയിൽ, മജിസ്ട്രേറ്റ്, കസ്റ്റഡി, കേസ് എന്നിങ്ങനെയുള്ള വാക്കുകൾ പോലും അറിയില്ലായിരുന്നു. മറ്റ് തടവുകാരും ജയിൽ പൊലീസും ജയിലർമാരും തന്നെ ഏറെ സഹായിച്ചതായും പതിയെ ഇക്കാര്യങ്ങൾ മനസിലാക്കിയതായും തനാക പറഞ്ഞു.
വിദേശ തടവുകാർക്കായി നീഗ്രോ റൂം എന്നൊരു മുറിയുണ്ടായിരുന്നു. ഇവിടെ ഇംഗ്ളീഷ് സിനിമകൾ പ്രദർശിപ്പിക്കാറുണ്ടായിരുന്നു. ചില തടവുകാരുടെ ഭീഷണിയുടെ ഫലമായി സൈക്യാട്രിക് വാർഡിലെത്തിയെന്നും തനാക പറഞ്ഞു. ഇതിനിടെ ജയിലെ ചീഫ് സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് സന്ദർശിക്കാനും കമ്പ്യൂട്ടർ ഉപയോഗിക്കാനും അനുവാദം നൽകിയിരുന്നു. ജയിലിലെ മറ്റൊരു തടവുകാരനായ ശങ്കർ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെന്നും തനാക വെളിപ്പെടുത്തി.
മൂന്ന് പേരെ കൊന്നതിന് ജയിലിൽ കഴിയുന്ന ശങ്കർ വലിയൊരു ക്രിസ്തീയ വിശ്വാസിയാണ്. വീഡിയോ കോൺഫറൻസിലൂടെയുള്ള കോടതി വാദങ്ങളിൽ ശങ്കർ അനുഗമിച്ചിരുന്നു. ജാമ്യത്തിനായി പണമില്ലാതിരുന്നപ്പോഴും ഏറെ സഹായിച്ചു. ശങ്കറിന്റെ സഹായമില്ലായിരുന്നുവെങ്കിൽ ഒരിക്കലും ജയിലിൽ നിന്ന് പുറത്തിറങ്ങാനാകുമായിരുന്നില്ലെന്നും തനാക വ്യക്തമാക്കി. ശങ്കറിനെ വീണ്ടും കാണാനാഗ്രഹിക്കുന്നുവെന്നും തിരികെ ജപ്പാനിലെത്തിയ തനാക പറഞ്ഞു.
അറസ്റ്റിനുമുൻപ് എഡിഎച്ച്ഡി, ഇൻസോംനിയ എന്നീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുകയായിരുന്നു തനാക. എന്നാൽ അദ്ദേഹത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇംഗ്ളീഷിൽ അല്ലാതിരുന്നതിനാൽ ജയിലിലെ ഡോക്‌ടർക്ക് മരുന്ന് കുറിച്ചുനൽകാൻ കഴിഞ്ഞില്ല. മാത്രമല്ല അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകൾ കോറമംഗലയിലെ ഹോസ്റ്റലിലായിരുന്നു. ഇതും ജയിൽവാസം കൂടുതൽ ദുരിതപൂർണമാക്കി.
ജയിൽമോചനത്തിനുശേഷം തന്റെ സാധനങ്ങൾ തിരികെ വാങ്ങാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വീണ്ടും ദുരനുഭമുണ്ടായതായി തനാക പറഞ്ഞു. തന്റെ കയ്യിൽ പണമൊന്നുമില്ലെന്ന് കണ്ട് പൊലീസ് കോൺസ്റ്റബിളായ രാഘവേന്ദ്ര 1500 രൂപ നൽകി സഹായിച്ചു. എന്നാൽ ഇതിനിടെ അന്ന് സബ് ഇൻസ്‌പെക്ടറായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി തനാക പറഞ്ഞു. വിലപേശലിനൊടുവിൽ 5500 രൂപ നൽകി. എന്നാൽ കോടതിയിലെത്തിയപ്പോൾ കേസൊതുക്കി തീർക്കാൻ ഇതേ പൊലീസ് ഉദ്യോഗസ്ഥൻ വീണ്ടും 3000 രൂപ ആവശ്യപ്പെട്ടു. എന്നാൽ വെറുതെ പണം നൽകി മടങ്ങാൻ തനാക തയ്യാറായിരുന്നില്ല. തന്റെ പിതാവും പൊലീസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ താൻ നേരിട്ട അനീതിക്കെതിരെ പോരാടാൻ തനാക തീരുമാനിച്ചു.
തുടർന്ന് തനിക്കെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങളെ ചോദ്യം ചെയ്ത് തനാക കർണാടക ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ ഇംഗ്ളീഷ് അക്കാഡമിയിലെ മേധാവി സമ്മതിച്ചതോടെ 2020 നവംബറിൽ ഹൈക്കോടതി തനാകയ്ക്കെതിരായ എഫ്‌ഐആറും എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കി. എന്നാൽ ജപ്പാനിലേയ്ക്ക് മടങ്ങാൻ തനാക തയ്യാറായിരുന്നില്ല. ഡിസംബറിൽ തനാക കർണാടകയിലെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ആർടി നഗർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർക്കെതിരെ പരാതി നൽകിയ തനാക തന്റെ എല്ലാ യാത്രാ ചെലവുകളും പൊലീസ് വഹിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനിടെ തനാകയുടെ വിസാ കാലാവധി കഴിഞ്ഞു. ക്രിമിനൽ കേസ് കഴിഞ്ഞതിനാൽ 2021 ഫെബ്രുവരിക്ക് മുൻപായി ഇന്ത്യ വിടാൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് തനാകയോടാവശ്യപ്പെട്ടു. എന്നാൽ തന്റെ പരാതി മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കുന്നതുവരെ ഇന്ത്യ വിടാൻ തനാക ആഗ്രഹിച്ചില്ല. തുടർന്ന് വെല്ലുവിളി നിറഞ്ഞ ഒരു ആശയം തനാകയുടെ തലയിലുദിച്ചു. തുടർന്ന് ഒരു കേസിൽ കൂടി അകപ്പെട്ട് ഇന്ത്യയിൽ തുടരാൻ തനാക തീരുമാനിച്ചു.
വിസാ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28ന് പുലർച്ചെ ഒരു മണിക്ക് ജെസി നഗറിലെ എസിപി ഓഫീസിലെത്തിയ തനാക അവിടെത്തെ പ്ളാസ്റ്റിക കസേരയുമായി കടന്നുകളഞ്ഞു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഒടുവിൽ ജപ്പാനിലേയ്ക്ക് മടങ്ങിയെങ്കിലും തനാക കേസിന്റെ പുറകെ തന്നെയുണ്ടായിരുന്നു. ഒടുവിൽ 2022 മേയിൽ മനുഷ്യാവകാശ കമ്മിഷൻ തനാകയ്ക്ക് അനുകൂലമായി ഉത്തരവിട്ടു.
ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലാണ് തനാകയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും 19 ദിവസം അനാവശ്യമായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കർണാടക സർക്കാർ തനാകയ്ക്ക് 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്തതിനാൽ തനാക 2022ൽ വീണ്ടും കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഒടുവിൽ ഇക്കൊല്ലം ജൂണിൽ തനാകയുടെ അഭിഭാഷകന്റെ അക്കൗണ്ടിലേയ്ക്ക് നഷ്ടപരിഹാരത്തുകയെത്തി. ജൂൺ 23ന് തനാകയുടെ ഇന്ത്യക്കാരിയായ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് തുക കൈമാറ്റം ചെയ്യപ്പെട്ടു.
2021ലെ നാടുകടത്തൽ കാരണം ഇന്ത്യയിലേയ്ക്ക് വരാൻ സാധിക്കില്ലെന്നും ബ്ളാക്‌ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കാൻ മുംബയിലെ അഭിഭാഷകർ വഴി ശ്രമിക്കുകയാണെന്നും തനാക പറഞ്ഞു. ഇതിനുശേഷം ഭാര്യവീട്ടുകാരെ സന്ദർശിക്കുന്നതിനായി എത്രയും പെട്ടെന്നുതന്നെ ഇന്ത്യയിലെത്തുമെന്നും തനാക പറഞ്ഞു.
Japanese student Hirotoshi Tanaka came to Bengaluru in 2019 to learn English but spent 19 days in jail after a dispute with an academy head, followed by a seven-year legal battle. He alleged police harassment and bribery. Karnataka’s Human Rights Commission later awarded him ₹75,000 compensation. Tanaka now hopes to return to India and visit his wife’s family.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |