മുംബയ് : ജീവിതത്തിൽ അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയ അനുഭവങ്ങൾ നമ്മളിൽ പലരെയും സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഓഫീസിൽ നിന്ന് രാത്രി മടങ്ങാൻ വേണ്ടി ഊബർ ബുക്ക് ചെയ്‌ത സംരംഭകന് കിട്ടിയ റൈഡ് ബി.എം.ഡബ്ല്യു. ആഷിഷ് ജെയ്ൻ എന്നയാൾ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെയാണ് സംഭവം പങ്കുവച്ചത്. രാത്രി 8:25 നായിരുന്നു ആഷിഷിന് റൈഡ് ലഭിക്കുന്നത്. എന്നാൽ അദ്ദേഹത്തെ കാത്തിരുന്നത് സാധാരണ ഒരു റൈഡ് ആയിരുന്നില്ല, മറിച്ച് ബിഎംഡബ്ല്യു ബൈക്കിൽ യാത്ര ചെയ്യാനുള്ള അവസരം കൂടിയായിരുന്നു.
കൗതുകം മൂത്ത് യാത്രയ്ക്കിടയിൽ ആഷിഷ് ഡ്രൈവറോട് സംസാരിക്കാനും തുടങ്ങി. 'സർ, ഇതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഊബർ റൈഡ്!' ചെറുപ്പക്കാരനായ ഡ്രൈവർ ആഷിഷിനോട് പറഞ്ഞു. പണമുണ്ടാക്കാൻ വേണ്ടിയല്ല താൻ ഈ ജോലിക്കിറങ്ങിയതെന്ന കാര്യം യുവാവ് വ്യക്തമാക്കി. പുതിയ ആളുകളെ പരിചയപ്പെടുക, അവരുമായി സംസാരിക്കുക, വ്യത്യസ്തമായ ജീവിത വീക്ഷണങ്ങൾ മനസിലാക്കുക എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മാസ്റ്റർ ബിരുദത്തിന് ചേരുന്നതിന് മുൻപ് ജീവിതത്തെ കൂടുതൽ അടുത്തറിയാനുള്ള ശ്രമം കൂടിയാണിതെന്നും യുവാവ് പറഞ്ഞു.
എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് മുൻപ് പല ബിസിനസുകളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ചിലത് പാഠങ്ങൾ പഠിപ്പിച്ചു, മറ്റുചിലത് പണമുണ്ടാക്കി നൽകി, ചിലതൊക്കെ അദ്ദേഹത്തെ മാനസികമായി കൂടുതൽ ശക്തനാക്കി മാറ്റി. തുടർപഠനത്തിനായി ഒരുങ്ങുന്നതിനിടയിലാണ് ഊബർ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ബൈക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, യാതൊരു അഹങ്കാരവുമില്ലാതെ പുഞ്ചിരിയോടെയാണ് യുവാവ് സംസാരിച്ചത്. സ്വന്തം ബിസിനസിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവും ചെറിയൊരു അളവിൽ കുടുംബത്തിന്റെ സഹായവും കൊണ്ടാണ് വാഹനം വാങ്ങിയത്. തനിക്ക് ആളുകളുടെ കൂടെ ജോലി ചെയ്യാനും ഇവന്റുകൾ മാനേജ് ചെയ്യാനും ഒരുപാട് ഇഷ്ടമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
വലിയ സിഇഒമാരിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ മാത്രമല്ല, നമ്മൾ യാദൃശ്ചികമായി കാണുന്ന സാധാരണക്കാരിൽ നിന്നുപോലും വലിയ കാര്യങ്ങൾ പഠിക്കാനാകും. വലിയ സ്വപ്നങ്ങൾ കാണുന്നതിൽ തെറ്റില്ല, അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസ് വേണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് ആഷിഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Mumbai-based entrepreneur Ashiish Jain booked an Uber ride from his office late at night (8:25 PM) and was surprised when his driver arrived on a luxury BMW bike.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |