മുംബയ്: 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റ സാദ്ധ്യതാ പട്ടിക പ്രവചിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. ടീമിന്റെ ബാറ്റിംഗ് നിര ഏറെക്കുറെ ഉറപ്പാണെങ്കിലും, ബൗളിംഗ് നിരയെയും മിഡിൽ ഓർഡറിനെയും സംബന്ധിച്ച് കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രി ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ സാദ്ധ്യതാ പട്ടിക പ്രഖ്യാപിച്ചത്. റിഷഭ് പന്ത്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് അദ്ദേഹം ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബ് വീഡിയോയിലൂടെ രവി ശാസ്ത്രിയുടെ ടീമിനെ വിശകലനം ചെയ്ത മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
'ശുഭ്മാൻ ഗില്ലിനെ ക്യാപ്ടനാക്കിയാണ് രവി ശാസ്ത്രിയുടെ ടീം തുടങ്ങുന്നത്. ഒപ്പം വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നിവരുമുണ്ട്. ഇതൊക്കെ നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെയാണ്. എന്നാൽ യശസ്വി ജയ്‌സ്വാളിനെ ടീമിൽ എടുത്തത് വളരെ മികച്ച തീരുമാനമാണ്. ഇത് ഓപ്പണിംഗ് സ്ഥാനത്തേക്ക് കൂടുതൽ ചോയ്‌സുകൾ നൽകുന്നു. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുലിന് പുറമെ റിഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ പന്തിന് അർഹമായ അവസരങ്ങൾ നൽകിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ ലോകകപ്പ് അടുത്തിരിക്കെ പന്തിനെ വീണ്ടും ടീമിലെടുക്കുമോ എന്നത് വലിയൊരു ചോദ്യമാണ്. നിലവിൽ ഇഷാൻ കിഷനാണ് സെലക്ടർമാരുടെ പരിഗണനയിലുള്ളത്.
ഇടംകൈയ്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയത് നല്ലൊരു തീരുമാനമാണ്. കൂടാതെ ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ളവരാണ്. എന്നാൽ മുഹമ്മദ് ഷമിയെയും ഭുവനേശ്വർ കുമാറിനെയും ഒരുമിച്ച് എടുത്തത് ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്. ഭുവി ഏകദിന ക്രിക്കറ്റ് മാത്രം കളിക്കുന്നതിനാൽ അദ്ദേഹത്തിന് ഇനിയും അവസരങ്ങൾ നൽകേണ്ടതുണ്ട്.
ഈ ടീമിന് ഞാൻ നൽകുന്ന റേറ്റിംഗ് പത്തിൽ എട്ടാണ്. രവി ഭായ് തന്നെ സെലക്ടർ ആയാൽ മാത്രമേ ഇതുപോലൊരു ടീം വരാൻ സാദ്ധ്യതയുള്ളൂ. കാരണം, ടീമിൽ ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറുടെ കുറവുണ്ട്. അതിനാൽ യഥാർത്ഥ ലോകകപ്പ് സ്‌ക്വാഡ് ഇതായിരിക്കില്ല.'- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
Former Indian head coach Ravi Shastri has predicted India's probable squad for the 2027 ODI World Cup (to be hosted in South Africa, Zimbabwe, and Namibia in October-November 2027). Former cricketer Aakash Chopra later analyzed this selection on his YouTube channel, rating Shastri's squad 8 out of 10.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |