
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ജെ.ജനീഷ് നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് സ്ഥലം എൽ.എൽ.എ കൂടിയായ മന്ത്രി കെ.മുരളീധരനൊപ്പം ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കായികവകുപ്പ് ഡയറക്ടർ റിജിലിന് നിർദ്ദേശം നൽകിയത്.
രണ്ടു വർഷത്തിനിടെ ആറ് പ്രാവശ്യം സർക്കാരിന് കത്ത് നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് മന്ത്രി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഷൂട്ടിംഗ് റേഞ്ചിന്റെ പരിപാലനത്തിലെ പോരായ്മകൾ മന്ത്രി കെ. മുരളീധരൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു സന്ദർശനം. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അഞ്ച് ഷൂട്ടിംഗ് റേഞ്ച്കളിൽ ഒന്നായ വട്ടിയൂർക്കാവിൽ കഴിഞ്ഞ ആറു വർഷമായി ഒരു ടൂർണമെന്റും നടക്കുന്നില്ല. ഷൂട്ടിംഗ് റേഞ്ചിന്റെ പരിപാലനവും മുടങ്ങിയ അവസ്ഥയിലാണ്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്താനും മന്ത്രി നിർദ്ദേശം നൽകി. ഷൂട്ടിംഗ് റേഞ്ചിന്റെ പ്രതിമാസ പരിശീലന ചെലവ്, ആവശ്യമായ ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നല്കാൻ സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജീനീയറോട് മന്ത്രി ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2015ൽ 35ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി കായികമേഖലയ്ക്ക് മുതൽക്കൂട്ടാകാൻ സ്ഥാപിച്ച ഷൂട്ടിംഗ് റേഞ്ച് കഴിഞ്ഞ കാലങ്ങളിൽ കടുത്ത അവഗണനയാണ് നേരിട്ടതെന്ന് മന്ത്രി കെ.മുരളീധരൻ സന്ദർശനത്തിന് ശേഷം പറഞ്ഞു. ഷൂട്ടിംഗ് റേഞ്ചിന്റെ നഷ്ടപ്പെട്ട അന്താരാഷ്ട്ര പ്രതാപം വീണ്ടെടുത്ത് അന്തരാഷ്ട്ര നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് കാലത്ത വാഗ്ദാനം നിറവേറ്റും. ഷൂട്ടിംഗ് രംഗത്ത് നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ശേഷിയുള്ള വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിനെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി കായികവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുമെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |