ഹൈദരാബാദ്: പൊലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചതിൽ വിവാദം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തെലങ്കാനയിൽ വാറംഗലിലെ അംബേദ്‌കർ ജംഗ്‌ഷനിൽനിന്ന് സുബേദാരിലേക്ക് പോകാൻ യാത്രക്കാരൻ റാപ്പിഡോയിൽ ബുക്ക് ചെയ്‌തപ്പോൾ സർവീസിനെത്തിയത് പൊലീസിന്റെ മോട്ടോർ ബൈക്ക് ആയിരുന്നു. ടിഎസ് 09 പിസി 2795 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ വാഹനം എനുമാമുല പൊലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.
പൊലീസ് വാഹനത്തിൽ സർവീസ് നടത്തുന്നതിനെപ്പറ്റി യാത്രക്കാരൻ ചോദിച്ചപ്പോൾ പൊലീസ് കോൺസ്റ്റബിളായ സുഹൃത്ത് നൽകിയ വാഹനമാണിതെന്ന് റൈഡർ മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
അടിയന്തര സേവനങ്ങൾക്കും പെട്രോളിംഗിനും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനുമായി ഉപയോഗിക്കുന്ന ബ്ലൂ കോൾട്ട് വിഭാഗത്തിലുള്ള വാഹനമാണിതെന്നാണ് വിവരം. പൊലീസ് വാഹനത്തിന്റെ സ്വകാര്യ ഉപയോഗത്തെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തി. എനുമാമുല സർക്കിൾ ഇൻസ്‌പെക്‌ടർ ജെ സുരേഷ് സംഭവത്തിൽ പ്രതികരിച്ചു. വാഹനം സ്റ്റേഷനിലെ എസ്ഐ ശങ്കറാണ് ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ വാറങ്കൽ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും സിഐ അറിയിച്ചു.
ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയും വാഹനത്തിന്റെ രേഖകളും പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ നൽകിയതിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
A Telangana police patrol bike was allegedly used for a Rapido ride in Warangal, sparking controversy after a passenger’s video went viral. Police have launched an inquiry and recommended disciplinary action against the officer involved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |