മുംബയ്: മൂന്ന് ദിവസം നീണ്ടുനിന്ന പണനയ സമിതി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 5.25 ശതമാനമായിത്തന്നെ നിലനിർത്തി. സമിതി യോഗത്തിൽ 'നിഷ്പക്ഷ നിലപാട്' സ്വീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5 ശതമാനമായി നിലനിർത്തിയതിനൊപ്പം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനമായി മാറ്റമില്ലാതെ തുടരാനും ആർബിഐ തീരുമാനിച്ചു.
നയപരമായ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ നിലവിലെ യുദ്ധസാഹചര്യത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവിനെക്കുറിച്ച് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര എടുത്തുപറഞ്ഞു. പ്രതീക്ഷിച്ചതു പോലെ മൊത്തത്തിലുള്ള പണപ്പെരുപ്പം കുത്തനെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തെചില്ലറ വിലക്കയറ്റ നിരക്ക് സംബന്ധിച്ച കണക്ക് നേരത്തെയുണ്ടായിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഈ സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തുകയും ചെയ്തു.
സാമ്പത്തിക വളർച്ച കരുത്തുറ്റതാണെങ്കിലും ഈ സാമ്പത്തിക വർഷം അത് കുറവായിരിക്കാനാണ് സാദ്ധ്യതയെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. എന്നിരുന്നാലും, ആഗോള വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം ഭാവികാര്യങ്ങൾ അവ്യക്തമായി തുടരുകയാണ്. നയപരമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രത്യേകിച്ച് പണപ്പെരുപ്പം, അതിന്റെ ഗതി, ഘടന എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |