SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.41 PM IST

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവാഹ സമ്മാനമായി ആഭരണവും സാരിയും; ബഡ്ജറ്റിൽ ഞെട്ടിച്ച് വിജയ്

READ ENGLISH VERSION
vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാമിന്റെ സ്വർണ മോതിരം, കാൻസർ ചികിത്സാ ആശുപത്രികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും തുടങ്ങി വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. ധനമന്ത്രി എൻ മാരി വിൽസണാണ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്.

വിധവകൾ, നിരാലംബരായ സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 ശതമാനം സബ്സിഡി നിരക്കിൽ സർക്കാർ സൗജന്യമായി അഞ്ച് ആടുകളെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി സർക്കാർ 110 കോടി രൂപ വകയിരുത്തി. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ്ണ മോതിരം ലഭിക്കും. 'തായ് മാമൻ തങ്ക മോതിരം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കായി 560 കോടി രൂപയാണ് വകയിരുത്തുന്നത്.

തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച മറ്റ് പ്രധാന പദ്ധതികൾ

  • സ്ത്രീകളുടെ വിവാഹത്തിന് 8 ഗ്രാം സ്വർണ്ണവും ഒരു പട്ടുസാരിയും ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം. 812 കോടി രൂപ അനുവദിച്ചു.
  • തമിഴ്നാട്ടിലുടനീളം ഘട്ടംഘട്ടമായി 1,000 മൊബൈൽ വയോജന ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 33 കോടി രൂപ അനുവദിച്ചു.
  • ഗർഭിണികൾക്കായി സൗജന്യ ഭക്ഷണം, ചികിത്സ, ആരോഗ്യ നിരീക്ഷണം എന്നിവ ലഭ്യമാക്കുന്ന 'തായ് കെയർ' മാതൃസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി 23 കോടി രൂപ വകയിരുത്തി.
  • സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായും സർക്കാർ ആശുപത്രികളുമായും ബന്ധിപ്പിക്കുന്നതിനായി 'ഹബ് ആൻഡ് സ്‌പോക്ക്' ടെലിമെഡിസിൻ സംവിധാനം നടപ്പിലാക്കും. 5 ഹബ്ബുകളുമായി ആരംഭിക്കുന്ന പദ്ധതിക്കായി 18.5 കോടി രൂപ അനുവദിച്ചു.
  • അഞ്ച് മേഖലാ കാൻസർ ചികിത്സാ ആശുപത്രികൾ സ്ഥാപിക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു.
  • ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ എന്നിവ ബാധിച്ച രോഗികൾക്ക് മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി 100 കോടി രൂപയുടെ അധിക തുക അനുവദിച്ചു.
  • തമിഴ്നാട് സർക്കാർ 'പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി' 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും കൂടി ലഭ്യമാക്കിക്കൊണ്ട് വിപുലീകരിച്ചു. 710 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 15,414 സ്‌കൂളുകളിലെ 15.14 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY GOVERNMENT BUDGET, GOLD RING NEWBORN BABIES, MARRIAGE GIFTS JEWELLERY SAREE, VIJAY BUDGET ANNOUNCEMENTS, VIJAY GOVERNMENT SCHEMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360