
ന്യൂഡൽഹി: രുചികൂട്ടാൻ കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ചതിനാൽ രാജ്യത്തെ പ്രമുഖ മദ്യക്കമ്പനികളായ യുണൈറ്റഡ് സ്പിരിറ്റ്സ്, ഇൻബ്രൂ ബിവറേജസ്, മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ എന്നിവയുടെ ചില വിസ്‌കി, റം ബ്രാൻഡുകൾക്ക് ഭക്ഷ്യ സുരക്ഷാ അതോറിറ്റി(എഫ്.എസ്.എസ്.എ.ഐ)യുടെ വിലക്ക്.
ജനപ്രിയ ബ്രാൻഡുകളായ ഓൾഡ് മങ്ക് റമ്മിൻ്റെ മൂന്നു വേരിയന്റുകൾ, ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചലഞ്ച് വിസ്‌കി, ബാഗ്‌പൈപ്പർ ഡീലക്സ് വിസ്‌കി, ഓൾഡ് കാസ്‌ക് ഡീലക്സ് ട്രിപ്പിൾ എക്സ് റം എന്നിവയ്ക്കാണ് നിരോധനം.
ലബോറട്ടറി പരിശോധനയിൽ രൂചികൂട്ടാൻ കൃത്രിമ ഫ്‌ളേവറുകൾ ചേർത്തതായി കണ്ടെത്തിയിരുന്നു. മദ്യനിർമ്മാണത്തിൽ അവശ്യവസ്തുവായ മൊളാസസ്, മാൾട്ട്, മുന്തിരി എന്നിവയുടെ ഉപയോഗം കുറയ്ക്കാനാണ് ഇവ ചേർത്തതെന്ന് അതോറിറ്റി പറയുന്നു. ചില യൂണിറ്റുകളിൽ നിന്നു പുറത്തിറങ്ങുന്ന കുപ്പികളിലാണ് കൃത്രിമത്വം. ഈ ബ്രാൻഡുകളെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയിൽപ്പെടുത്തി.
ഡാബർ ഉത്പന്നങ്ങൾക്കും വിലക്ക്
പ്രമുഖ ഭക്ഷ്യ-ഔഷധ നിർമാണക്കമ്പനിയായ ഡാബർ ഇന്ത്യയുടെ ജനപ്രിയ ഉത്പന്നങ്ങൾക്കും അതോറിട്ടി വിലക്കേർപ്പെടുത്തി. ലേബലിൽ 100% എന്ന അവകാശവാദം രേഖപ്പെടുത്തി തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടി.
100% ശുദ്ധം, 100% പ്രകൃതിദത്തം, 100% ജ്യൂസ് തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയമായും നിയമപരമായും തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അവ ഉപയോഗിക്കുന്നത് ചട്ട ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഡാബർ ഇന്ത്യയുടെ ഓർഗാനിക് ഹണി, ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ, ഹോംമേഡ് കോക്കനട്ട് മിൽക്ക്, എള്ളെണ്ണ, നെയ്യ്, വെർജിൻ കോക്കനട്ട് ഓയിൽ, ഇളനീർ എന്നീ ഉത്പന്നങ്ങൾക്കാണ് വിലക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |